
ഹൈദരാബാദ്: ക്വാർട്ടറിൽ ജമ്മു കാശ്മീരിന്റെ കനത്ത വെല്ലുവിളി 1-0ത്തിന് മറകടന്ന് കേരളം 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 73-ാം മിനിട്ടിൽ നസീബ് റഹ്മാനാണ് കേരളത്തിന് സെമിയുറപ്പിച്ച വിജയഗോൾ നേടിയത്. കളിയിലെ താരവും നസീബാണ്. തമിഴ്നാടിന്റെ ലിജോ കെയ്ക്കൊപ്പം ടൂർണമെന്റിലെ ടോപ് സ്കോറർ പട്ടികയിൽ 7 ഗോളുമായി രണ്ടാം സ്ഥാനത്തെത്താനും നസീബിനായി. 31-ാം തവണയാണ് കേരളം സന്തോഷ് ട്രോഫിയുടെ സെമിയിൽ എത്തുന്നത്.
ഇതുവരെ ടൂർണമെന്റിൽ ഒരു മത്സരത്തിലും തോൽക്കാതെ ക്വാർട്ടറിൽ എത്തിയ കരുത്തരായ കേരളത്തെ മുൻ ഇന്ത്യൻ പ്രതിരോധ താരം മെഹ്റാജുദ്ദിൻ വാഡുവിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ ജമ്മു കാശ്മീർ അദ്യ പകുതിയിൽ സമർത്ഥമായി തളച്ചു. പരിശീലകൻ പകർന്നു നൽകിയ പ്രതിരോധ പാഠങ്ങൾ ജമ്മു താരങ്ങൾ കളിക്കളത്തിൽ നടപ്പാക്കിയപ്പോൾ കേരളതാരങ്ങൾ ലക്ഷ്യത്തിലെത്താനാകാതെ വലഞ്ഞു. ഗോൾ കീപ്പർ മാജിദ് അഹമ്മദിന്റെ കൃത്യമായ പൊസിഷനിംഗും സേവുകളും ജമ്മുവിന് തുണയായി. ഇതിനിടെ ജമ്മുവും ആക്രമണങ്ങൾ മെനഞ്ഞെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.രണ്ടാം പകുതിയിൽ കേരളം ആക്രമണത്തിന്റെ മൂർച്ച കൂട്ടി ജമ്മു പ്രതിരോധത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.
വെൽഡൺ
നസീബ്
73-ാം മിനിട്ടിൽ തുടർ ആക്രമണ ശ്രമങ്ങൾക്ക് പ്രതിഫലം കിട്ടി. ജമ്മു പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നസീബ് കളിയുടെ വിധി തീരുമാനിച്ച കേരളത്തിന്റെ വിജയ ഗോൾ നേടി. ജോസഫ് ജസ്റ്റിൻ ജമ്മു ബോക്സിലേക്ക് ചിപ്പ് ചെയ്ത് നൽകിയ ബോൾ കൃത്യമായി ക്ലിയർ ചെയ്യുന്നതിൽ ഡിഫൻഡർ ആർതർ ഇർഷാദിന് പിഴച്ചു. പന്ത് നേരെ നസീബിനരികിലേക്ക്. നെഞ്ച് കൊണ്ട് പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത ഷോട്ട് ജമ്മു ഗോളി മാജിദിന് ഒരവസരവും നൽകാതെ വലകുലുക്കി.
ഗോൾ വീണശേഷം തിരിച്ചടിക്കാൻ ഇരച്ചെത്തിയ ജമ്മുതാരങ്ങളുടെ ആക്രമങ്ങളെ ക്യാപ്ടൻ സഞ്ജുവിന്റ നേതൃത്വത്തിലുള്ള കേരളത്തന്റെ പ്രതിരോധ നിര സമർത്ഥമായി തടഞ്ഞു. 88-ാംമിനിട്ടിൽ ജമ്മുവിന് സുവർണാവസരം കിട്ടിയെങ്കിലും ഷഹ്മീർ താരിഖിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ഇനി മണിപ്പൂർ
നാളെ നടക്കുന്ന സെമിയിൽ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികൾ. രാത്രി 7.30നാണ് കിക്കോഫ്. ക്വാർട്ടറിൽ ഡൽഹിയെ 5-2ന് കീഴടക്കിയാണ് മണിപ്പൂർ സെമിയിൽ എത്തിയത്. ആദ്യ ക്വാർട്ടറിൽ ഒഡിഷയെ 3-1ന് തോൽപ്പിച്ച് ബംഗാളും സെമിയിലെത്തി. ബംഗാൾ സന്തോഷ് ട്രോഫിയിൽ 52-ാംതവണയാണ് സെമിയിൽ എത്തുന്നത്.