pic

ബീജിംഗ് : ലോകത്തെ ഏ​റ്റവും വലിയ ഡാം ടിബ​റ്റിൽ ബ്രഹ്മപുത്ര നദിയ്ക്ക് (യർലങ്ങ് സാങ്ങ്പോ) കുറുകേ നിർമ്മിക്കാൻ ചൈന. 13,700 കോടി ഡോളറിന്റെ ജലവൈദ്യുത പദ്ധതിക്ക് ചൈനീസ് സർക്കാർ അംഗീകാരം നൽകി. പദ്ധതിയിലൂടെ പ്രതിവർഷം 30000 കോടി കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ ചൈനയിലെ ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസിനെ പുതിയ ഡാം മറികടക്കും. പദ്ധതിയുടെ ഭാഗമായി നംച ബർവ പർവ്വതത്തിലൂടെ 20 കിലോമീറ്റർ നീളത്തിലെ നാല് ടണലുകളെങ്കിലും നിർമ്മിക്കേണ്ടി വരും.

അതേ സമയം,​ അതിർത്തിക്ക് സമീപം ഡാം വരുന്നത് ഇന്ത്യയിലും അയൽരാജ്യമായ ബംഗ്ലാദേശിലും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഡാം അരുണാചൽ പ്രദേശിലും ബംഗ്ലാദേശിലും പ്രളയ സാദ്ധ്യതയേറാൻ കാരണമായേക്കാം. ജലക്ഷാമത്തിനും കാരണമാകാം. ഇത് അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെയും ബാധിക്കും. ഡാം നിർമ്മിക്കുന്നത് ഭൂകമ്പ സാദ്ധ്യത മേഖലയിലാണെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. എന്നാൽ ഡാം നിർമ്മാണം മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈനയുടെ അവകാശവാദം.