
അസ്താന: ബുധനാഴ്ച കസഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസ് യാത്രാവിമാനം തകർന്നുവീണതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിമാനത്തിന് നേരെ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം അബദ്ധത്തിൽ വെടിവച്ചെന്ന സംശയം ഇതോടെ ബലപ്പെട്ടു. 38 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 29 പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
അസർബൈജാനിലെ ബാകുവിൽ നിന്ന് തെക്കൻ റഷ്യയിലെ ചെച്‌ന്യ മേഖലയിലെ ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്നു വിമാനം. മോശം കാലാവസ്ഥ മൂലം ഗ്രോസ്‌നിയിൽ ലാൻഡിംഗ് നിഷേധിച്ചു. മറ്റ് റഷ്യൻ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗിന് വിമാനം അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഗ്രോസ്‌നിയിൽ ലാൻഡിംഗിന് ശ്രമിച്ചപ്പോൾ പുറത്ത് സ്ഫോടന ശബ്ദം കേട്ടതായി രക്ഷപ്പെട്ടവർ പറയുന്നു.
തുടർന്ന് കാസ്പിയൻ കടൽ കടന്ന് കസഖ്സ്ഥാനിലെ അക്‌റ്റൗ എയർപോർട്ട് ലക്ഷ്യമാക്കി പോയ വിമാനം എയർപോർട്ടിന് 3 കിലോമീറ്റർ അകലെ കാസ്പിയൻ കടൽത്തീരത്ത് തകർന്നുവീഴുകയായിരുന്നു. യുക്രെയിൻ ഡ്രോൺ ആക്രമണം ശക്തമാക്കിയ മേഖലയായിരുന്നു ഗ്രോസ്‌നി.