dam

ബീജിംഗ് : ലോകത്തെ ഏറ്റവും വലിയ ഡാം അണക്കെട്ട് നിർമ്മിക്കാനുള്ള തീരുമാനവുമായി ചൈന മുന്നോട്ട്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്മപുത്ര നദിയ്ക്ക് (യർലങ്ങ് സാങ്ങ്‌പോ) കുറുകേയാണ് ചൈന ഡാം നിർമ്മിക്കുന്നത്. 13,700 കോടി ഡോളറിന്റെ ജലവൈദ്യുത പദ്ധതിക്ക് ചൈനീസ് സർക്കാർ അംഗീകാരം നൽകി. പദ്ധതിയിലൂടെ പ്രതിവർഷം 30000 കോടി കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ ചൈനയിലെ ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസിനെ പുതിയ ഡാം മറികടക്കുമെന്നാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നംച ബർവ പർവ്വതത്തിലൂടെ 20 കിലോമീറ്റർ നീളത്തിൽ നാല് ടണലുകളെങ്കിലും നിർമ്മിക്കേണ്ടി വരും.

ബ്രഹ്മപുത്രാ നദി അരുണാചൽ പ്രദേശിലേക്കും ബംഗ്ലാദേശിലേക്കും യു ആകൃതിയിൽ വളഞ്ഞൊഴുകുന്ന ഹിമാലയൻ പ്രദേശത്തെ മലയിടുക്കിലാണ് അണക്കെട്ട് നിർമ്മിക്കുന്നത്. 2020ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം അംഗീകരിച്ച 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ടിന്റെ നിർമ്മാണം.

അതേ സമയം, അതിർത്തിക്ക് സമീപം ഡാം വരുന്നത് ഇന്ത്യയിലും അയൽരാജ്യമായ ബംഗ്ലാദേശിലും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഡാം അരുണാചൽ പ്രദേശിലും ബംഗ്ലാദേശിലും പ്രളയ സാദ്ധ്യതയേറാൻ കാരണമായേക്കാം. ജലക്ഷാമത്തിനും കാരണമാകാം. ഇത് അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെയും ബാധിക്കും. ഡാം നിർമ്മിക്കുന്നത് ഭൂകമ്പ സാദ്ധ്യത മേഖലയിലാണെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. എന്നാൽ ഡാം നിർമ്മാണം കാരണം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കില്ലെന്നാണ് ചൈന അവകാശപ്പെടുന്നത്.