
കുട്ടിക്കാലത്തെ പ്രണയങ്ങള്‍ക്ക് മിക്കവാറും അധികം ആയുസ്സുണ്ടാകാറില്ല. പല കാരണങ്ങള്‍ക്കൊണ്ട് തന്നെ സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയങ്ങള്‍ പരാജയപ്പെടാറാണ് പതിവ്. അത്തരമൊരു അനുഭവം തന്നെയാണ് ബോളിവുഡ് നടനായ വിവേക് ഒബ്റോയിക്കും. എന്നാല്‍ സാധാരണ പ്രണയങ്ങള്‍ അവസാനിക്കുന്നത് പോലെയായിരുന്നില്ല വിവേകിന്റെ കാര്യം. തന്റെ കാമുകിക്ക് സംഭവിച്ചത് ഒരു വലിയ ദുരന്തമായിരുന്നുവെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 17ാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുകയായിരുന്നു പെണ്‍കുട്ടി.
തന്റെ ജീവിതത്തെ കുറിച്ചും സിനിമയില്‍ എത്തിയതിനേക്കുറിച്ചും അതിജീവിച്ച പ്രതിസന്ധികളേക്കുറിച്ചും മുമ്പ് വിവേക് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും തന്റെ ബാല്യകാല കാമുകിയെ കുറിച്ച് വിവേക് ഒബ്റോയ് തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ അന്നത്തെ സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. വിവേകിന് 13 വയസ്സ് പ്രായമുള്ളപ്പോഴാണ് തന്നേക്കാള്‍ ഒരു വയസ് ഇളപ്പമുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായത്.
സാധാരണ ഈ പ്രായത്തില്‍ ആരംഭിക്കുന്ന പ്രണയങ്ങളേക്കാള്‍ വളരെ ദൂരം മുന്നോട്ട് പോകാന്‍ കഴിഞ്ഞു. തന്റെ കാമുകിയെ വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും ഒരുമിച്ച് ജീവിക്കുന്നതുമെല്ലാം ചിന്തിച്ചിരുന്നുവെന്ന് താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. കാമുകിയായിരുന്ന പെണ്‍കുട്ടിയെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നുവെന്നും അവളായിരുന്നു എല്ലാമെന്നും വിവേക് പറഞ്ഞു. എന്നാല്‍ പെട്ടെന്ന് ആള്‍ക്ക് ഒരു ആരോഗ്യപ്രശ്‌നമുണ്ടായി.
ഒരു ചെറിയ ജലദോഷം പോലെയാണ് അസുഖം ആരംഭിച്ചത്. പക്ഷേ ബ്ലഡ് ക്യാന്‍സര്‍ ആണെന്ന് പിന്നീടാണ് മനസ്സിലായത്. അവളെ രക്ഷിക്കാന്‍ താനും കുടുംബവും പരമാവധി ശ്രമിച്ചു പക്ഷേ വിധി മറ്റൊന്നായിരുന്നു- വിവേക് ഒബ്റോയ് പറഞ്ഞു.
''ഞാന്‍ അവളെ കുറേ വിളിച്ചു. പക്ഷെ അവള്‍ പ്രതികരിച്ചില്ല. സുഖമില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കരുതി ജലദോഷം ആണെന്നാണ്. അവളെയോ കുടുംബത്തെയോ കിട്ടാതെ വന്നപ്പോള്‍ ഞാന്‍ അവളുടെ കസിനെ വിളിച്ചു. അങ്ങനെയാണ് അവള്‍ ആശുപത്രിയിലാണെന്ന് അറിയുന്നത്. ഓടി ചെന്നു. ഞങ്ങള്‍ 5-6 കൊല്ലമായി പ്രണയത്തിലായിരുന്നു. അവള്‍ക്ക് രക്താര്‍ബുദമാണെന്നും അവസാന സ്റ്റേജിലാണെന്നും അറിഞ്ഞു. വല്ലാത്തൊരു ഞെട്ടലാണുണ്ടായത്. ഞങ്ങള്‍ എല്ലാ വിധത്തിലും ശ്രമിച്ചിട്ടും രണ്ട് മാസത്തിനുള്ളില്‍ അവള്‍ പോയി. ഞാന്‍ തകര്‍ന്നുപോയിരുന്നു'' വിവേക് ഒബ്റോയ് പറയുന്നു.