
സുൽത്താൻ ബത്തേരി: വിഷം ഉള്ളിൽചെന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ചു. മണിച്ചിറ മണിച്ചിറയ്ക്കൽ വീട്ടിൽ എൻ.എം. വിജയൻ (78), മകൻ ജിജേഷ് (28) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരേയും വീട്ടിൽ വിഷം ഉള്ളിൽചെന്ന് അവശ നിലയിൽ കണ്ടെത്തിയത്.
ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്ന്  വൈകിട്ട് 6.30ന് ജിജേഷും രാത്രി എട്ടേമുക്കാലോടെ എൻ.എം. വിജയനും മരിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കാൻ വിഷം കഴിച്ചതെന്നാണ് സംശയം.
സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭാ കൗൺസിലർ, സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ വിജയൻ പ്രവർത്തിച്ചിരുന്നു. കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ താത്കാലിക ജീവനക്കാരനായി മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ജിജേഷ് അവിവാഹിതനാണ്.പരേതയായ സുമയാണ് വിജയന്റെ ഭാര്യ. വിജേഷ് മറ്റൊരു മകനാണ്.