
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ നടക്കും. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മുന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
എന്നാല്‍ സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്താത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയിരുന്നു.
ഉചിതമായ സ്മാരകം പണിയണം പ്രതാപ് സിംഗ് ബാജ്വ ആവശ്യപ്പെട്ടു. പഞ്ചാബിന്റെ പുത്രനോട് കാണിക്കുന്ന അനാദരവാണിതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ ഞെട്ടലുണ്ടെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പ്രതികരിച്ചു. രാജ്യത്തെ സിഖ് വംശജനായ ആദ്യത്തെ പ്രധാനമന്ത്രിയോട് കാണിക്കുന്ന അനാദരവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാരകം പണിയണമെന്ന് നേരത്തെ പ്രിയങ്ക ഗാന്ധി എംപി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു.
ഭൗതിക ശരീരം ശനിയാഴ്ച രാവിലെ എട്ടിന് വസതിയില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. 9.30വരെ പൊതുദര്‍ശനം. സംസ്‌കാരം രാവിലെ 11.45ന് ചെങ്കോട്ടയുടെ പിന്‍ഭാഗത്ത് യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിലാണ് നടക്കുക. വ്യാഴാഴ്ച രാത്രി തന്നെ ഭൗതിക ശരീരം എയിംസില്‍ നിന്ന് മോത്തിലാല്‍ റോഡിലെ വസതിയിലേക്ക് മാറ്റിയിരുന്നു.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് പുലര്‍ച്ചെ രണ്ടിന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ നേരേ പ്രിയനേതാവിന്റെ വീട്ടിലാണെത്തിയത്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും രാത്രി ആശുപത്രിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെ.പി. നദ്ദയും വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.