coffee

കട്ടപ്പന: ഉത്പാദനക്കുറവിനിടയിലും കാപ്പിക്കുരു വില കുതിച്ചുയര്‍ന്ന് വിപണിയില്‍ റെക്കാഡ് വിലയിലെത്തി. റോബസ്റ്റ പരിപ്പിന് കിലോ 400 രൂപയാണ്. തൊണ്ടോടുകൂടിയതിന് 240 രൂപയും. രണ്ടുവര്‍ഷം മുമ്പ് 200ല്‍ താഴെ മാത്രമായിരുന്നു പരിപ്പിന് വില. അറബിക്ക പരപ്പിന് 430 രൂപയും തൊണ്ടോടുകൂടിയതിന് 250 രൂപയുമാണ്. അതേസമയം ഏലംകൃഷി വ്യാപനത്തോടെ ജില്ലയില്‍ കാപ്പിക്കൃഷി നാമമാത്രമായി ചുരുങ്ങി. ഉത്പാദനക്കുറവാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണം. കാപ്പിപ്പൊടി വില 650 രൂപയായി. അറബിക്ക, റോബസ്റ്റാ ഇനത്തില്‍പ്പെട്ട കാപ്പിയാണ് ജില്ലയില്‍ കൂടുതലായി കൃഷി ചെയ്യുന്നത്. അറബിക്ക ഇനത്തില്‍പ്പെട്ട കുരുവിനാണ് വില കൂടുതല്‍. ഉല്‍പാദനത്തിലെ ഇടിവും കയറ്റുമതി വര്‍ദ്ധിച്ചതും വില കൂടാന്‍ കാരണമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്പാദനത്തില്‍ 50 ശതമാനത്തിലേറെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏലംകൃഷി വ്യാപനത്തോടെ ഒരുപതിറ്റാണ്ട് മുമ്പേ കര്‍ഷകര്‍ കാപ്പി വ്യാപകമായി വെട്ടിമാറ്റിയിരുന്നു. കാപ്പിത്തോട്ടങ്ങളും ജില്ലയില്‍ നിന്ന് അപ്രത്യക്ഷമായി. കൂടാതെ, രോഗബാധയും മഹാപ്രളയത്തിനുശേഷമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും ഉത്പാദനം കുത്തനെ കുറച്ചു. കമ്പോളങ്ങളില്‍ കാപ്പിക്കുരുവിന്റെ വരവ് കുറഞ്ഞത് മില്ലുടമകള്‍ക്കും തിരിച്ചടിയായി. ഇതോടെ വന്‍ തുക നല്‍കി വ്യാപാരികളില്‍ നിന്ന് കാപ്പിക്കുരു വാങ്ങേണ്ട സ്ഥിതിയിലാണ് മില്ലുടമകള്‍. കൂടാതെ അണ്ണാന്‍, മരപ്പട്ടി, കിളികള്‍ എന്നിവ കാപ്പിക്കുരു തിന്ന് നശിപ്പിക്കുന്നതും ഇവറ്റകളുടെ ശല്യം പ്രതിരോധിക്കാന്‍ മാര്‍ഗമില്ലാത്തതും കര്‍ഷകരുടെ പ്രതീക്ഷ തകര്‍ക്കുന്നു.

കോഫീ ബോര്‍ഡ് സംഭരിക്കുന്നില്ല

കാപ്പിക്കുരു സംഭരിക്കുന്നത് ഇപ്പോള്‍ കോഫി ബോര്‍ഡ് നിറുത്തലാക്കി. നിലവില്‍ കാപ്പിപ്പൊടി നിര്‍മ്മിക്കുന്ന ചെറിയ കമ്പനികള്‍ക്കാണ് കര്‍ഷകര്‍ കാപ്പിക്കുരു നല്‍കുന്നത്. നിലവില്‍ കാപ്പിയ്ക്ക് വിലയുണ്ടായിട്ടും കര്‍ഷകന് ന്യായമായ വില ലഭിക്കുന്നില്ല. കമ്പനികള്‍ വില്‍ക്കുന്ന കാപ്പിപൊടിയില്‍ തിപ്പൊലി എന്ന തവിട് മാതൃകയിലുള്ള വസ്തു ചേര്‍ത്താണ് വിപണിയില്‍ എത്തുന്നത്.