pic

റിയാദ്: സൗദി അറേബ്യയിൽ ഇക്കൊല്ലം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 330 പേരെ. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് റെക്കാഡ് വധശിക്ഷകളാണ് ഇക്കൊല്ലം രാജ്യത്ത് അരങ്ങേറിയത്. 100ലേറെ വിദേശികളും ഇതിൽപ്പെടുന്നു. ആദ്യമായാണ് രാജ്യത്ത് ഇത്രയും കൂടുതൽ വിദേശികളുടെ വധശിക്ഷ നടപ്പാക്കുന്നത്.

മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശികളിൽ ഏറെയും. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തൊഴിലിന് എത്തിയവരാണ് ഇതിൽ അധികവും. വധിക്കപ്പെട്ടവരിൽ 150ലേറെ കേസുകൾ മയക്കുമരുന്ന് കടത്ത്, ഗുരുതരമല്ലാത്ത തീവ്രവാദം തുടങ്ങി വധശിക്ഷ അർഹിക്കാത്തവയാണ്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലെത്തിയ ശേഷം 2017 ജൂണിനും 2024 ഒക്ടോബറിനുമിടെയിൽ 1,115 വധശിക്ഷകളെങ്കിലും രാജ്യത്ത് നടന്നു. സൗദിയിലെ വധശിക്ഷകൾക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തുണ്ടെങ്കിലും ഫലമില്ല.

ചൈനയ്ക്കും ഇറാനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യമായാണ് സൗദി അറിയപ്പെടുന്നത്. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായും ആരോപണമുണ്ട്.

 വധശിക്ഷകൾ

2024 - 330

2023 - 172

2022 - 196