accident

ചെന്നൈ: മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. തമിഴ്നാട് തേനി പെരിയകുളത്താണ് അപകടമുണ്ടായത്. കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്‌ൻ തോമസ് (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോവിന്ദപുരം പുത്തൻ കുന്നേൽ പിജി ഷാജി (50) തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. ഏർക്കാട് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. KL 39 C 2552 എന്ന മാരുതി ആൾട്ടോ കാർ അപകടത്തിൽ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ നാലുപേരും വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ് റോഡിലേക്ക് മറിഞ്ഞു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരിക്കേറ്റു. ഇവരെയെല്ലാം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.