
മുംബയ്: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് മലയാളിക്കെതിരെ നടപടിയെടുത്തു. അബുദാബിയിൽ നിന്ന് മുംബയിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഒറ്റപിലാക്കൂലിന് (26) എതിരെയാണ് കേസെടുത്തിരിക്കുന്നത്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധന നടത്തുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
ഇതോടെ യുവാവ് ശുചിമുറിയിൽ വച്ച് പുക വലിച്ചെന്ന് സമ്മതിക്കുകയും വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പറഞ്ഞു. മുഹമ്മദിന്റെ കൈവശം നിന്ന് ആറ് സിഗരറ്റുകളും ജീവനക്കാർ കണ്ടെടുത്തു.വിമാനമിറങ്ങിയതിന് ശേഷം തുടർനടപടികൾക്കായി സുരക്ഷാജീവനക്കാർ യുവാവിനെ കൈമാറി. തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു. നാല് മാസം മുൻപാണ് ഇയാൾ അബുദാബിയിലേക്ക് പോയത്.
ഇതിനുമുൻപും ഇൻഡിഗോ വിമാനത്തിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുക വലിച്ചതിന് 38കാരനെ അറസ്റ്റ് ചെയ്തിരുന്നു. ശുചിമുറിയിലെ ഡസ്റ്റ് ബിന്നിൽ നിന്നും ക്യാബിൻ ക്രൂ സിഗരറ്റ് കുറ്റി കണ്ടെടുത്തതിനെ തുടർന്നാണ് ജീവനക്കാർ പരിശോധന നടത്തിയത്. സംശയം തോന്നിയാണ് ഇവർ യുവാവിനെ ചോദ്യം ചെയ്തത്. ആദ്യം യുവാവ് കുറ്റം സമ്മതിച്ചിരുന്നില്ല. തുടർന്ന് ലോഹെഗാവ് വിമാനത്താവളത്തിൽ എത്തിയതോടെ ഇയാളെ ലോക്കൽ പൊലീസിന് കൈമാറുകയായിരുന്നു. നടപടികൾക്കുശേഷം യുവാവിനെ വിട്ടയച്ചതായാണ് വിവരം.