
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകാനൊരുങ്ങുകയാണ് രാജ്യം.  രാവിലെ 11.45ന്  നിഗംബോധ് ഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഇതിനിടെ പിതാവിനെക്കുറിച്ച് മകൾ ദമൻ സിംഗ് തന്റെ പുസ്‌തകത്തിലൂടെ പങ്കുവച്ച മറക്കാനാകാത്ത ഓർമ്മകൾ വീണ്ടും ശ്രദ്ധനേടുകയാണ്. 2014ൽ പ്രസിദ്ധീകരിച്ച 'സ്ട്രിക്റ്റ്‌ലി പേഴ്‌സണൽ: മൻമോഹൻ ആന്റ് ഗുർഷരൺ' എന്ന പുസ്‌തകത്തിലെ പരാമർശങ്ങളാണ് മൻമോഹന്റെ വിയോഗത്തിനിടെ ശ്രദ്ധനേടുന്നത്.
1950കളിൽ മൻമോഹൻ സിംഗ് കാംബ്രിഡ്‌ജ് സർവകലാശാലയിൽ പഠിക്കുന്ന കാലത്തെ ഓർമ്മകളാണ് ദമൻ സിംഗ് പങ്കുവച്ചിട്ടുള്ളത്. സർവകലാശാലയിൽ സ്‌കോളർഷിപ്പോടെ പഠിക്കുകയായിരുന്നു മൻമോഹൻ. അക്കാലത്ത് പണത്തിനായി അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും ആഹാരം ഒഴിവാക്കേണ്ടി വന്നു. കാഡ്‌ബെറി ചോക്ളേറ്റ് മാത്രം കഴിച്ച് ദിവസങ്ങൾ തള്ളിനീക്കിയ സമയവും ഉണ്ടായിരുന്നു. പഠന, ജീവിത ചെലവുകൾ വർഷത്തിൽ 600 പൗണ്ടുവരെയെത്തുമായിരുന്നു. എന്നാൽ പഞ്ചാബ് സർവകലാശാല സ്‌കോളർഷിപ്പായി നൽകിയിരുന്നത് 160 പൗണ്ടും. ബാക്കി പണത്തിനായി പിതാവിനെയാണ് അദ്ദേഹം ആശ്രയിച്ചിരുന്നത്.
അതിനാൽ തന്നെ വളരെ ചെലവ് ചുരുക്കിയാണ് അദ്ദേഹം ജീവിച്ചിരുന്നത്. കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ആഹാരമാണ് അദ്ദേഹം കഴിച്ചിരുന്നത്. ഒരിക്കലും പുറത്തുപോയി ഭക്ഷണം കഴിച്ചില്ല. അപൂർവ്വമായി മാത്രം ബിയറോ വൈനോ കഴിച്ചു. വീട്ടിൽ നിന്ന് പണം ലഭിക്കാതിരിക്കുമ്പോഴോ എത്താൻ വൈകുമ്പോഴോ ചോക്ളേറ്റ് മാത്രം കഴിച്ച് ജീവിച്ചു. ജീവിതത്തിലൊരിക്കലും അദ്ദേഹം പണം കടം വാങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ അടുത്ത സുഹൃത്തായ മദൻ ലാൽ സുദനിൽ നിന്ന് മാത്രം അക്കാലത്ത് പണം കടം വാങ്ങിയിരുന്നു. ആദ്യ വർഷത്തിൽ ഫസ്റ്റ് ക്ളാസോടെ പാസായപ്പോൾ തനിക്ക് അലവൻസ് എന്തെങ്കിലും ലഭിച്ചേക്കുമെന്നും അതിനാൽ ഇനി പണം അയക്കേണ്ടതില്ലെന്നും സുഹൃത്തിന് അദ്ദേഹം കത്തെഴുതി. 1957ൽ കാംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ളാസോടെയാണ് മൻമോഹൻ സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടിയത്.
തന്റെ കുട്ടിക്കാലത്ത് അനുഭവിച്ച കഷ്‌ടപ്പാടുകളെക്കുറിച്ച് പിതാവ് പലപ്പോഴും പങ്കുവയ്ക്കുമായിരുന്നുവെന്നും ദമൻ സിംഗ് പുസ്‌തകത്തിൽ പറയുന്നു. നിലവിൽ പാകിസ്ഥാനിലുള്ള പഞ്ചാബ് പ്രവിശ്യയിലെ ഗാഹിലാണ് സിംഗ് ജനിച്ചത്. ഗാഹിലേയ്ക്ക് തിരികെ പോകാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവിടെയാണ് തന്റെ മുത്തച്ഛൻ കൊല്ലപ്പെട്ടതെന്ന് മൻമോഹൻ സിംഗ് പറയുമായിരുന്നുവെന്നും ദമൻ തന്റെ പുസ്‌കതകത്തിൽ വിവരിക്കുന്നു.