bahubali

മലയാള സിനിമാലോകത്തെ മുതിർന്ന ഗാനരചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ഗാനരചനയോടൊപ്പം സിനിമാസംവിധാനത്തിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 200ഓളം അന്യഭാഷ ചിത്രങ്ങളെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തതും മങ്കൊമ്പായിരുന്നു. ബാഹുബലിയിലെ ഗാനങ്ങളും അദ്ദേഹം തന്നെയാണ് മലയാളത്തിലേക്ക് മൊഴി മാറ്റിയത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്, മങ്കൊമ്പിനുണ്ടായ ഒരു പ്രശ്നം തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

'മങ്കൊമ്പ് ഗോപാലകൃഷ്ണനുമായുളള സൗഹൃദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. സഹോദരന്റെ സ്ഥാനത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. പുതുതലമുറ ഒരുപക്ഷേ അദ്ദേഹത്തെ അറിയുന്നത് ബാഹുബലിക്ക് ഗാനങ്ങളും സംഭാഷണങ്ങളും എഴുതിയ ആളെന്ന നിലയിലായിരിക്കും. മലയാളിക്ക് മൊഴിമാറ്റ ചിത്രങ്ങളോടുളള വെറുപ്പ് ഒരു പക്ഷെ മാറി കിട്ടിയത് അദ്ദേഹത്തിലൂടെയായിരിക്കും. മൊഴിമാറ്റ ചിത്രങ്ങളുടെ അന്തസ് ഉയർത്തിയതായിരുന്നു ബാഹുബലി. മലയാള ഗാനങ്ങളെ വെല്ലുന്ന തരത്തിൽ അദ്ദേഹം ബാഹുബലിയിലെ മലയാള ഗാനങ്ങളും അണിയിച്ചൊരുക്കി.

mankombu-gopalakrishnan

ഒരു ദിവസം അദ്ദേഹം എന്നെ മദ്രാസിലെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയുണ്ടായി. മേശയ്ക്കരികിൽ ഒരു അരിച്ചാക്ക് കണ്ടു. അതിൽ മുഴുവൻ അദ്ദേഹത്തിന് വന്ന കത്തുകളായിരുന്നു. അദ്ദേഹം ഒരു പ്രമുഖ വാരികയിൽ ഒരു സ്ത്രീയുടെ അപരനാമത്തിൽ ലേഖനങ്ങൾ എഴുതാറുണ്ട്. അതിന് വന്ന കത്തുകളായിരുന്നു അവ. ഗാനരചന മാത്രമല്ല സംവിധാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങൾ മൊഴി മാ​റ്റി മലയാളികൾക്ക് സമ്മാനിച്ചു. മലയാള സിനിമയ്ക്ക് ഇത്രയധികം സംഭാവനകൾ നൽകിയ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്.

സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി പുലിവാല് പിടിച്ച സംഭവവും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്തായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത 'തെമ്മാടി വേലപ്പൻ' എന്ന ചിത്രത്തിൽ ഒരു പാട്ടുണ്ട്. 'ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി' എന്ന് തുടങ്ങുന്നതാണ് ഗാനം. സിനിമയിലെ സന്ദർഭത്തിന് അനുയോജ്യമായി എഴുതിയതായിരുന്നു ഈ ഗാനം. എന്നാൽ ഈ ഗാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെ ആക്ഷേപിച്ചുകൊണ്ടുളള ഗാനമാണെന്ന് എതിർപക്ഷ പാർട്ടികൾ പ്രചരിപ്പിച്ചു. ഗാനമെഴുതിയ മങ്കൊമ്പിനെ അറസ്​റ്റ് ചെയ്യുമെന്നും അദ്ദേഹം ഒളിവിലാണെന്ന തരത്തിലുളള വാർത്തകൾ പ്രചരിച്ചു. എതിർകക്ഷികൾ പാട്ടിന് പ്രാധാന്യം നൽകി പ്രചരിപ്പിച്ചു. മങ്കൊമ്പിന് പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംഭവം അദ്ദേഹത്തിൽ ഒരുപാട് ഭയമുണ്ടാക്കി'-അഷ്‌റഫ് പങ്കുവച്ചു.