sunilkumar

തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനിൽകുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു. അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്‌ട്രീയ പ്രസ്‌താവനയാണ്. സൗഹൃദ സന്ദർശനമാണ് താനും സുരേന്ദ്രനും നടത്തിയത്. മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. സൗഹൃദ കൂടിക്കാഴ്‌ചയാണെന്ന് സുരേന്ദ്രൻ തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണ്. അത് തുടരട്ടെ. ഭവന സന്ദർശന വിവാദം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമില്ല. പരസ്‌പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി.

ക്രിസ്‌മസിനോടനുബന്ധിച്ചുള്ള സ്നേഹ സന്ദേശയാത്രയ്ക്കിടെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് മേയര്‍ കേക്ക് വാങ്ങിയതിനെ സുനിൽകുമാർ വിമർശിച്ചിരുന്നു. മേയർക്ക് ചോറിങ്ങും കൂറങ്ങും എന്നും സുനിൽകുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സുനിൽകുമാറിനെതിരെ എംകെ വർഗീസ് പ്രതികരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി ആരുടെയോ തലയിൽ കെട്ടിവയ്ക്കാനാണ് വിഎസ് സുനിൽകുമാർ ശ്രമിക്കുന്നതെന്ന് വർഗീസ് പറഞ്ഞു. തന്നെ ബിജെപിയിൽ എത്തിക്കാനാണ് സുനിൽകുമാർ ശ്രമിക്കുന്നത്. ഇനിയും ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം. തനിക്ക് സുരേന്ദ്രനുമായി സൗഹൃദമില്ല. കേക്കുമായി വന്നതിനെ ഇത്ര വലിയ വിവാദമാക്കേണ്ട ആവശ്യമെന്തെന്നും മേയർ ചോദിച്ചിരുന്നു.

സുരേന്ദ്രന്റെ വീട്ടിൽ പോയി ചായകുടിച്ച് വരാൻ സുനിൽകുമാറിനുള്ള ബന്ധം എന്താണെന്ന് മനസിലാകുന്നില്ല. എന്തിന് സുരേന്ദ്രന്റെ വീട്ടിൽ പോയി എന്ന് സുനിൽകുമാർ വ്യക്തമാക്കണമെന്നും വർഗീസ് പറഞ്ഞിരുന്നു.