
മുംബയ്: ഏഷ്യയിലെ തന്നെ അതിസമ്പന്നനായ വ്യക്തിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയർമാൻ മുകേഷ് അംബാനി. കഴിഞ്ഞ ദിവസം വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ കമ്പനിക്ക് 16.52 ലക്ഷം കോടിയുടെ ആസ്തിയാണ് ഉളളത്. നിലവിൽ അദ്ദേഹത്തിന് ആകെ 95.1 ബില്യൺ ഡോളർ (ഏകദേശം 812557 കോടി) ആസ്തിയുണ്ട്. അംബാനിയുടെ ആകെ ആസ്തിയുടെ 42 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നുളളതാണ്.
കഴിഞ്ഞ നാലു വർഷമായി മുകേഷ് അംബാനി ശമ്പളമായി ഒരു രൂപ പോലും സ്ഥാപനത്തിൽ നിന്നും കൈപ്പറ്റിയിട്ടില്ല. രാജ്യത്ത് കൊവിഡ് മഹാമാരി പിടിപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹം ഈ തീരുമാനം എടുത്തത്. അതേസമയം, ഐപിഎൽ ടീമായ മുംബയ് ഇന്ത്യൻസിന്റെ ഉടമ കൂടിയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മുംബയിലെ ആഡംബര വസതിയായ ആന്റിലിയയുടെ മൂല്യം തന്നെ ഏകദേശം 15,000 കോടി രൂപയാണ്.
അദ്ദേഹത്തിന്റെ ഭാര്യയായ നിത അംബാനി കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ റിലയൻസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ നിന്നും നിതയുടെ അക്കൗണ്ടിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ സിറ്റിംഗ് ഫീസിനത്തിൽ രണ്ട് ലക്ഷം രൂപയും കമ്മീഷനായി 97 ലക്ഷവും എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് ഏകദേശം 2,340 മുതൽ 2,510 കോടിയുടെ ആസ്തിയുണ്ടെന്നാണ് വിവരം.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളുടെ ആസ്തിയെക്കുറിച്ചുളള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് പേരും 2023ലാണ് കമ്പനിയുടെ തലപ്പത്തേക്കെത്തിയത്. മൂത്ത മകൻ ആകാശ് അംബാനി ജിയോ ഗ്രൂപ്പിന്റെ തലവനും മകൾ ഇഷ അംബാനി റീട്ടെയിൽ സാമ്പത്തിക സേവനങ്ങളുടെ മേൽനോട്ടവും ഇളയമകൻ അനന്ത് അംബാനി എനർജി ബിസിനസിനുമാണ് നേതൃത്വം നൽകുന്നത്. ഇഷയ്ക്ക് 800 കോടി രൂപയുടെ ആസ്തിയും ആകാശ് അംബാനിക്ക് 3,3000 കോടി രൂപയും ആസ്തിയുമാണ് ഉളളത്. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ അനന്ത് അംബാനിക്ക് വർഷം തോറും 4.2 കോടി രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.