bsnl

ന്യൂഡൽഹി: സ്വയം വിരമിക്കൽ പദ്ധതിയിലൂടെ (വോളന്ററി റിട്ടയർമെന്റ് സ്‌കീം, വിആർഎസ്) 20,000ഓളം ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കവുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ). ജീവനക്കാരിൽ മൂന്നിലൊന്ന് പേരെ പിരിച്ചുവിടാനാണ് നീക്കം. ഇതിന് ധനമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ് കമ്പനി.

ബിഎസ്‌എൻഎല്ലിന്റെ സേവനം മെച്ചപ്പെടുത്തി മറ്റ് സ്വകാര്യ കമ്പനികളുമായി കിടപിടിക്കാനുള്ള ശ്രമങ്ങൾ തുടരവേയാണ് വലിയൊരു ശതമാനം ജീവനക്കാരെ സ്വയം വിരമിക്കലിന് പ്രേരിപ്പിക്കുന്നത്. ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി മൊത്തവരുമാനത്തിന്റെ 35 ശതമാനത്തോളം നീക്കി വയ്ക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് വിആർഎസിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ ബിഎസ്‌എൻഎൽ ഒരുങ്ങുന്നത്. വിആർഎസ് നടപ്പാക്കിയാൽ പ്രതിവർഷം 5000 കോടിയോളം രൂപ ലാഭിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വാദം. നിലവിൽ ഈയിനത്തിൽ ആകെ വേണ്ടിവരുന്നത് 7,500 ഓളം കോടി രൂപയാണ്.

അതേസമയം, ധനമന്ത്രാലയത്തിൽ നിന്ന് 15,000 കോടി അനുവദിച്ചു കിട്ടിയാൽ മാത്രമേ രണ്ടാംഘട്ട വിആർഎസ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ കടബാദ്ധ്യത കുറച്ച് പ്രവർത്തനം മികച്ചതാക്കാൻ സ്ഥാപനത്തെ സഹായിക്കുമെന്നാണ് ധനമന്ത്രാലയത്തെ ബിഎസ്‌എൻഎൽ അറിയിച്ചിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ 40,000ൽപ്പരം ജീവനക്കാരാണ് ബിഎസ്‌എൻഎല്ലിൽ നിന്ന് സ്വയം വിരമിച്ചത്. 7000 കോടിയോളം രൂപ അന്ന് ചെലവായിരുന്നു.

ഡാറ്റയ്ക്ക് വേഗത കൂട്ടാന്‍ 3ജിയില്‍ നിന്ന് 4ജി സംവിധാനത്തിലേക്ക് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി മാറുന്നതിന് തുടക്കം കുറിച്ചത് അടുത്തിടെയാണ്. ജിയോയും എയര്‍ടെല്ലും വോഡഫോണ്‍ - ഐഡിയയും ഒക്കെ ഉപേക്ഷിച്ചവരില്‍ നല്ലൊരു പങ്കും ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയായിരുന്നു. ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായി 54 ലക്ഷം ഉപയോക്താക്കളാണ് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയത്. എന്നാൽ ഈ സേവനങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കാൻ സാധിക്കാതെ വന്നതോടെ അനേകം ഉപഭോക്താക്കൾ കൊഴിഞ്ഞുപോവുകയും ചെയ്തിരുന്നു.