medicines

ന്യൂഡൽഹി: വിവിധ രോഗങ്ങൾക്കായി ഉപയോഗിക്കുന്ന 111 മരുന്നുകൾ സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) നടത്തിയ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. നവംബറിൽ ശേഖരിച്ച മരുന്ന് സാമ്പിളുകളുടെ പരിശോധാഫലമാണ് ഇപ്പോൾ പുറത്തുവന്നത്. സാമ്പിളുകളിൽ 41 എണ്ണം സെൻട്രൽ ലബോറട്ടറിയിലും 70 എണ്ണം വിവിധ സംസ്ഥാനങ്ങളിലെ ലബോറട്ടറികളിലുമാണ് പരിശോധിച്ചത്.

അതേസമയം, ഈ മരുന്നുകളുടെ അതേ ഗുണമേന്മയുളള വിപണിയിൽ ലഭ്യമായ മരുന്നുകളെക്കുറിച്ച് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനായി സിഡിഎസ്‌സിഒ വിൽപ്പനക്കാരിൽ നിന്നും വിതരണക്കാരിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. ഇതോടെ എല്ലാ മാസവും ഗുണനിലവാരമല്ലാത്ത മരുന്നുകളുടെ വിവരങ്ങൾ സിഡിഎസ്‌സിഒ അവരുടെ പോർട്ടലിൽ പ്രസിദ്ധീകരിക്കാറുണ്ട്. നവംബറിൽ പരിശോധിച്ച മരുന്നുകളുടെ വിവരങ്ങളാണ് ഇപ്പോൾ പോർട്ടലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗുണനിലവാരമുളള മരുന്നുകൾ മാത്രം വിപണിയിൽ വിൽക്കുകയെന്ന് കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകാനാണ് അധികൃതർ ഇത്തരത്തിലുളള നീക്കങ്ങൾ നടപ്പിലാക്കുന്നത്. പുറത്തുവന്ന പട്ടികയിൽ മരുന്ന് നിർമിച്ചവരുടെ വിവരങ്ങളും, നിർമാണതീയതി,കാലഹരണപ്പെടുന്ന ദിവസം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവംബറിൽ നടത്തിയ പരിശോധനയിൽ രണ്ട് മരുന്നുകൾ വ്യാജമാണെന്ന് കണ്ടെത്തി. ബീഹാർ ഡ്രഗ്സ് കൺട്രോൾ അതോറ​റ്റിയിലെയും ഗാസിയാബാദിലെ സിഡിഎസ്‌സിഒയിലെയും പരിശോധനയിൽ നിന്നാണ് ഇത് കണ്ടെത്തിയതാണ്. പ്രമുഖ മരുന്ന് കമ്പനികളുടെ പേരിലും ബ്രാൻഡിലും വ്യാജൻമാർ നിർമിച്ചതാണ് മരുന്നുകൾ. ഇക്കൂട്ടത്തിൽ പാന്റോപ്രോസോൾ ഗാസ്ട്രോ റെസിസ്റ്റന്റ് ടാബ്‌ലെറ്റുകളും അമോക്സിസിലിൻ ആൻഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ടാബ്‌ലെറ്റ്സും എന്നിവ ഉൾപ്പെടുന്നു. അസിഡിറ്റി, അൾസർ തുടങ്ങിയ അസുഖങ്ങളെ തടയാനാണ് പാന്റോപ്രോസോൾ ഗാസ്ട്രോ റെസിസ്റ്റന്റ് ടാബ്‌ലെറ്റുകൾ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് അമോക്സിസിലിൻ ആൻഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ടാബ്‌ലെറ്റുകൾ.