
തൊണ്ണൂറുകളുടെ ഒടുക്കം മുതൽ രണ്ടായിരത്തി അഞ്ച് വരെ മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പകിട പകിട പമ്പരം എന്ന പരമ്പരയുടെ സൃഷ്ടാവായ ടോം ജേക്കബ് നിർമ്മാതാവായും അഭിനേതാവായും തിരിച്ചെത്തുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന ചലച്ചിത്രം കുരുന്ന് ഹൃദയങ്ങൾ കീഴടക്കുന്നു. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടന്ന 29ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും ചേർന്നൊരുക്കിയ വ്യൂയിംഗ് റൂമിൽ തുടർച്ചയായി നാല് ദിവസമാണ് തലസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായി ചിത്രം പ്രദർശിപ്പിച്ചത്.
ടോം ജേക്കബിനൊപ്പം ആഞ്ചലോ ക്രിസ്റ്റ്യാനോ, മെലീസ, നിമിഷ നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആൻമരിയ പ്രസന്റേഷന് വേണ്ടി ലാൽജി ക്രിയേഷൻസുമായി ചേർന്ന് ടോം ജേക്കബ് നിർമ്മിച്ച ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ചിത്ര സംയോജനവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ലിജു മിത്രൻ മാത്യുവാണ്. ഒരേസമയം മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കിയിരിക്കുന്ന ചിത്രം മദ്ധ്യപ്രദേശിലാണ് ചിത്രീകരിച്ചത്. കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് കലാം സ്റ്റാൻഡേർഡ് 5 ബി പറയുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിൽ സിനിമ പ്രദർശിപ്പിക്കാനാണ് ടോം ജേക്കബ്ബിന്റെ നീക്കം. ഉപജീവന മാർഗ്ഗത്തിനായുള്ള കഷ്ടപ്പാടുകൾക്കിടയിലും ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിതമുഴിഞ്ഞു വച്ചിരിക്കുന്ന ടോം ജേക്കബിന് പിന്തുണയുമായി ഒട്ടേറെ സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.