sivagiri

ശ്രീനാരായണ ഗുരുദേവന്റെ മഹിത ദർശനം ആഗോളതലത്തിൽ പ്രഭ ചൊരിയുന്ന വേളയിലാണ് 92-ാമത് ശിവഗിരി മഹാതീർത്ഥാടനത്തിന് നാളെ തിരിതെളിയുന്നത്. 'മനുഷ്യൻ ഒരു ജാതി' എന്ന സനാതന തത്വംകൊണ്ട് സ്വജീവിതത്തിന് ഭാഷ്യം ചമച്ച ലോകാരാദ്ധ്യനാണ് ഗുരുദേവൻ. പ്രപഞ്ചത്തെ നിത്യവും ഉണർത്തുന്ന സൂര്യനെപ്പോലെ അജ്ഞാനാന്ധതയിൽ മോഹാകുലരായി കഴിയുന്ന മാനവ സമൂഹത്തിന് ജ്ഞാനദീപം തെളിച്ച തേജോമയനായ മഹാഗുരുവിന്റെ പാവന ജീവിതത്തിന്റെയും മഹത് ദർശനത്തിന്റെയും മഹാസ്മൃതി കൊണ്ട് അനുഗൃഹീതമായ പുണ്യഭൂമിയാണ് ശിവഗിരി.


പലതരം വികല്പങ്ങൾക്കു നടുവിൽ ഉഴലുന്ന മനുഷ്യരെ സമുദ്ധരിക്കാനായാണ് മഹാത്മാക്കൾ കാലാകാലങ്ങളിൽ പിറവി കൊള്ളുന്നത്. ഈ മഹാഗുരുക്കന്മാരുടെ പരമ്പരയിൽ വന്നുദിച്ച സർവലോകാനുരൂപനായ ഗുരുദേവൻ തൻപ്രിയം തന്നെ അപരന്റെയും പ്രിയമെന്നറിഞ്ഞ് ജീവിക്കുവാനാണ് പഠിപ്പിച്ചത്. ഈ പാഠത്തിന്റെ പ്രയോഗിക ഭാഷ്യമാണ് ശിവഗിരി കുന്നിൽ കഴിഞ്ഞ 91 വർഷക്കാലമായി നടന്നുവരുന്ന തീർത്ഥാടന മഹാമഹം.

സമത്വ സുന്ദരമായ ലോകം സ്വപ്നം കണ്ട ഗുരുദേവൻ ആ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായാണ് ശിവഗിരി തീർത്ഥാടനം എന്ന ആശയത്തിന് അനുഗ്രഹവും അനുമതിയും നൽകിയത്.

അറിവിൽപ്പെട്ട മതങ്ങളിലെല്ലാം തീർത്ഥാടനം നടപ്പിലുണ്ട്. ഇസ്ലാം മത വിശ്വാസികൾ മെക്കയിലേക്ക് ഹജ്ജിനു പോകുന്നു. ക്രിസ്ത്യാനികൾ ജെറുസലേമും റോമും സന്ദർശിച്ച് ചരിതാർത്ഥരാവുന്നു. ബുദ്ധമതക്കാർ ബുദ്ധഗയയിലും സാരനാഥിലും മറ്റും വന്ന് ജീവിതസായുജ്യം തേടുന്നു. ഹിന്ദുക്കൾക്ക് എണ്ണമറ്റ പുണ്യ സ്ഥലങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളായുണ്ട്. ഈ സാർവജനീനത കൊണ്ടുതന്നെ തീർത്ഥാടനം മനുഷ്യന്റെ ജന്മസിദ്ധമായ ഏതോ ഭാവത്തെ സമർപ്പണം ചെയ്യാൻ പര്യാപ്തമായ ഒന്നായി ഭവിക്കുന്നു. എന്നാൽ,​ തീർത്ഥാടനമെന്നത് ഏതോ പഴഞ്ചൻ സമ്പ്രദായത്തിന്റെ അവശിഷ്ടമാണെന്ന് കരുതുന്നവരുമുണ്ട്!

തീർത്ഥാടനം കൊണ്ട് പണ്ടുള്ളവർ ഉദ്ദേശിച്ചിരുന്നത്,​ പാപം പോക്കുക, പുണ്യം നേടുക
എന്നിങ്ങനെ രണ്ടു കാര്യങ്ങളാണ്. മനുഷ്യന്റെ മൂല്യബോധത്തിലും ചിന്താഗതിയിലും പരിഷ്‌കൃതിയിലും വന്ന മാറ്റങ്ങൾ ഇപ്പോൾ തീർത്ഥാടനത്തിലും പ്രതിഫലിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരിൽ അതിനിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. വിനോദസഞ്ചാരം എന്ന നിലയിലാണ് ഇന്ന് അധികം പേരും തീർത്ഥാടനത്തെ നോക്കിക്കാണുന്നത്. ഈ പശ്ചാത്തലത്തിൽ വേണം ഗുരുദേവന്റെ അനുവാദത്തോടെ ആരംഭിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ സവിശേഷതകൾ മനസിലാക്കേണ്ടത്.

തീർത്ഥാടനത്തിന് അനുവാദവും അതിനു പറ്റിയ മാസവും തീയതിയും വിശദമാക്കിയ ശേഷം തീർത്ഥാടകർക്ക് അനുഷ്ഠിക്കാൻ സൗകര്യപ്രദമായ വ്രതമാണ് ഗുരു നിർദ്ദേശിച്ചത്. ദീർഘവും കഠിനവുമായ വ്രതം അനുഷ്ഠിക്കാൻ ഇക്കാലത്ത് സൗകര്യപ്പെടുകയില്ലെന്നു മനസിലാക്കിയ ഗുരുദേവൻ,​ ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി (ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി,​ വാക് ശുദ്ധി, കർമ്മശുദ്ധി) പത്തുദിവസത്തെ വ്രതം മതിയെന്ന് അറിയിച്ചു. സാധാരണ ഉപയോഗിക്കുന്ന വെള്ളവസ്ത്രം മഞ്ഞൾ മുക്കി പിഴിഞ്ഞുടുത്താൽ മതിയെന്നും,​ മഞ്ഞപ്പട്ടോ കോടി വസ്ത്രമോ പോലും വാങ്ങാൻ പണം ചെലവാക്കരുതെന്നും ഗുരു ഉപദേശിച്ചു.

ശിവഗിരിതീർത്ഥാടനം എന്ന ആശയം ആദ്യമായി മനസിലുദിച്ചത് രണ്ട് ഗുരുദേവ ഭക്തരുടെ ഹൃദയത്തിൽ ആയിരുന്നെങ്കിലും അതിന് ലക്ഷ്യബോധമുള്ള പരിവേഷം നൽകിയത് ശ്രീനാരായണ ഗുരുവാണ്. 'നെടിയ കിനാവായി" ഭൗതിക ജീവിതത്തെ നോക്കിക്കണ്ട സത്യദർശിയായിരുന്നു ഗുരുദേവൻ. എങ്കിലും മനുഷ്യന്റെ ഭൗതിക പ്രശ്നങ്ങളിൽ അനുകമ്പ ത്രസിച്ചു നിൽക്കുന്ന ഉൾക്കാഴ്ചയോടെ മാർഗനിർദ്ദേശം നൽകുവാൻ ഗുരു പ്രത്യേകം ശ്രദ്ധിച്ചു. ആ ഉൾക്കാഴ്ചയുടെ ഉജ്ജ്വല സ്ഫുരണങ്ങൾ കൊണ്ട് നിസ്തുലകാന്തി നേടിയെടുത്തതാണ് ശിവഗിരി തീർത്ഥാടനം. രാഷ്ട്രമീമാംസ കലാലയങ്ങളിൽ നിന്നു പഠിച്ച ഏതൊരു സോഷ്യലിസ്റ്റിനെയും അതിശയിപ്പിക്കുന്നതാണ് ഗുരുദേവൻ വിഭാവനം ചെയ്ത 'ഏക ലോകം."

ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം മതവികാരങ്ങളുടെയും സങ്കുചിത ദേശീയതയുടെയും പേരിൽ മനുഷ്യർക്കിടയിൽ മതിലുകൾ ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ, വർണവിവേചനം മൂലം മറ്റ് മഹാപുണ്യ സ്ഥലങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്കു കൂടി ശിവഗിരിയിലും ശിവഗിരി തീർത്ഥാടനത്തിലും പങ്കെടുക്കാം എന്നതിലൂടെ സമദർശനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുന്ന ഗുരുദേവ ദർശനത്തിന്റെ പ്രയോഗിക വേദിയായി മാറിയിരിക്കുകയാണ് ശിവഗിരി തീർത്ഥാടനം. അതുകൊണ്ടു തന്നെ മാനവ സമൂഹത്തിന്റെ സമഗ്രമായ വളർച്ചയ്ക്ക് ഉതകുന്ന മറ്റൊരു തീർത്ഥാടനവും ലോകത്ത് വേറെയില്ലെന്ന് നമുക്ക് നിസംശയം പറയാം.

ശിവഗിരി തീർത്ഥാടനം ഭാരതത്തിൽ; വിശിഷ്യാ കേരളത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾക്കതീതമാണ്. ഗുരുദേവൻ ഉപദേശിച്ച എട്ടു വിഷയങ്ങളിലും പ്രഗത്ഭ്യം നേടിയവരെ കൊണ്ടുവന്ന് പ്രഭാഷണങ്ങൾ നടത്തി ഒരോ വിഷയത്തിലും പുതിയ അറിവ് നൽകുകയും,​ അതിലൂടെ മനുഷ്യനെ നേർവഴിയിലേക്കെത്തിക്കുകയും ചെയ്യുക എന്നതാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരു വിഭാവനം ചെയ്തത്. കഴിഞ്ഞ 91 വർഷങ്ങളായി ശിവഗിരിയിൽ നടത്തപ്പെടുന്ന സമ്മേളനങ്ങൾ ഉൾക്കൊണ്ട് ജീവിതയാത്രയിൽ ഏറെ മുന്നേറുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

ലോകത്ത് ഇന്നു കാണുന്ന എല്ലാ വിധ്വംസക പ്രവർത്തനങ്ങൾക്കും പരിഹാരം കാണാൻ ശ്രീനാരായണ ദർശനത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന സത്യം നമ്മൾ തിരിച്ചറിയണം. ഇക്കഴിഞ്ഞ നവംബർ മാസം മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനം ലോകമെമ്പാടും സൃഷ്ടിച്ച പ്രതിദ്ധ്വനിയോ

ടെ,​ ഗുരുദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ തുടക്കം കുറിക്കപ്പെട്ടു. ഈ പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ടു പോകുന്നതിന് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം കരുത്തേകുമെന്ന് പ്രത്യാശിക്കാം.

(ശിവഗിരി മഠം,​ മീഡിയ ചെയർമാൻ ആണ് ലേഖകൻ)​