varun-dhawan

ക്രിസ്മസ് ദിവസത്തിൽ തീയേ​റ്ററുകളിലെത്തിയ വരുൺ ധവാനും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം ബേബി ജോണിന് ബോക്സോഫീസിൽ പരാജയം. റീലിസ് ചെയ്ത് മൂന്നാം ദിവസം പിന്നിട്ടിട്ടും ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷൻ നേടാനായില്ല. സിനിമകളുടെ റിലീസും കളക്ഷനുകളുടെയും സ്ഥിതിവിവരകണക്കുകൾ പുറത്തുവിടുന്ന സാക്നിൽക്കാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നാം ദിവസവും ബോക്‌സോഫീസിൽ ബേബി ജോൺ വെറും 3.65 കോടി മാത്രമാണ് നേടിയത്. ഇത് കഴിഞ്ഞ ദിവസത്തേക്കാൾ വളരെ കുറവാണ്. ചിത്രം ഇതുവരെ ആകെ നേടിയത് 19.65 കോടി മാത്രമാണ്.


അതേസമയം, അല്ലു അർജുൻ നായകനായ പുഷ്പ 2 റിലീസ് ചെയ്ത് നാലാഴ്ച പിന്നിട്ടിട്ടും ബോക്‌സോഫീസിൽ തരക്കേടില്ലാത്ത കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്.കഴിഞ്ഞ ദിവസം മാത്രം പുഷ്പ 2 നേടിയത് 8.75 കോടിയാണ്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ബേബി ജോണിന് 50 കോടി ക്ലബിൽ കയറാൻ സാധിച്ചാൽ അധികം നഷ്ടമില്ലാതെ പ്രദർശനം തുടരാമെന്നാണ് വിലയിരുത്തുന്നത്. അടുത്തെങ്ങും ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസുകൾ ഇല്ലാത്തത് ചിലപ്പോൾ ബേബി ജോണിന് ഗുണം ചെയ്തേക്കാമെന്നും വിദഗ്ദർ നിരീക്ഷിക്കുന്നുണ്ട്.


കലീസാണ് ബേബി ജോണിന്റെ സംവിധായകൻ. വരുൺ ധവാൻ നായകനായ ചിത്രത്തിൽ കീർത്തി സുരേഷ്, വാമിഖ ഗബ്ബി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ്നടൻ വിജയ് നായകനായ ആ​റ്റ്ലി കുമാർ ചിത്രം തെരിയുടെ റീമേക്കാണ് ബേബി ജോൺ. ആ​റ്റ്ലിയാണ് നിർമാതാക്കളിൽ ഒരാൾ. തെരിയിലെ ചില സീനുകൾ പൂർണമായി മാറ്റിയാണ് ബേബി ജോണിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.