uae

ദുബായ്: യുഎഇയിൽ ശൈത്യകാലമായതോടെ താരൻ ബാധിതരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. താരന്റെ ശല്യം അസഹനീയമായതോടെ ഡോക്ടർമാരെ തേടുന്നവരുടെ എണ്ണവും വലിയ തോതിൽ വർദ്ധിക്കുന്നുണ്ട്. നിലവിൽ ഡെർമറ്റോളജിസ്റ്റുകളെ സന്ദർശിക്കുന്ന ഏകദേശം 40 ശതമാനം രോഗികളും താരൻ സംബന്ധിച്ച് ആശങ്കകൾ ഉന്നയിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. താരൻ ഉണ്ടാകുന്നതിൽ പ്രായവും ലിംഗഭേദവും പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

സ്ത്രീ പുരുഷ ഭേദമന്യേയാണ് താരൻ ബാധിക്കുന്നത്. എന്നാൽ കൂടുതലും പുരുഷന്മാരിലാണ് താരന്റെ ശല്യം. ഡോക്ടറുടെ സഹായം തേടുന്നവരിലും കൂടുതലും പുരുഷന്മാരാണ്. തണുത്ത കാലാവസ്ഥയും തലയോട്ടിയിലെ ഈർപ്പം നഷ്ടമാകുന്നതുമാണ് താരൻ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമെന്ന് ബുർജീൽ മെഡിക്കൽ സെന്ററിലെ സ്‌പെഷ്യലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ മലാസ് എൽഡിർദിരി ഖലീജ് ടൈംസിനോട് പറഞ്ഞു. ശൈത്യകാലമായാൽ താരന്റെ ശല്യം കാരണം ക്ലിനിക്കിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ശിരോ ചർമ്മം വരണ്ടതാക്കുന്ന അമിതമായ ഷാംപൂ ഉപയോഗം അടക്കമുള്ളവ താരന് കാരണമാണ്. അവശ്യ പോഷകങ്ങൾ ഇല്ലാത്ത ഒരു മോശം ഭക്ഷണക്രമം തലയോട്ടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ചർമ്മ ക്ലിനിക്കിലെത്തുന്ന പത്ത് രോഗികളിൽ നാല് പേർക്കും താരൻ സംബന്ധിച്ച പ്രശ്നമാണ്. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചാൽ താരൻ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കാം.