
കൊച്ചി: ജീവനക്കാരുടെ എണ്ണത്തിൽ 35 ശതമാനം കുറവ് വരുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്(ബി.എസ്.എൻ.എൽ) രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതി(വി.ആർ.എസ്) പ്രഖ്യാപിച്ചേക്കും. ഇതിന് അനുമതി തേടി ബി.എസ്.എൻ.എൽ ടെലികോം മന്ത്രാലയത്തിന് കത്തെഴുതും. കമ്പനിയുടെ ബാലൻസ്ഷീറ്റ് ശക്തമാക്കുന്നതിനായി 18,000 മുതൽ 19,000 വരെ ജീവനക്കാരെ ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് 15,000 കോടി രൂപ ആവശ്യപ്പെടാനാണ് നീക്കം. ടെലികോം വകുപ്പിന്റെ പച്ചക്കൊടി ലഭിച്ചാൽ പദ്ധതിയുടെ അന്തിമ അംഗീകാരത്തിന് മന്ത്രിസഭയിൽ അവതരിപ്പിക്കും.
വി.ആർ.എസിലൂടെ ശമ്പള ഇനത്തിലെ പ്രതിവർഷ ചെലവ് 7,500 കോടി രൂപയിൽ നിന്ന് 5,000 കോടി രൂപയായി കുറയ്ക്കാനാകുമെന്ന് വിലയിരുത്തുന്നു. നാലാം തലമുറ ടെലികോം സേവനങ്ങൾ രാജ്യമൊട്ടാകെ ലഭ്യമാക്കുന്നതിന് മുന്നോടിയായി ചെലവ് ഗണ്യമായി കുറയ്ക്കാനാണ് ശ്രമം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബി.എസ്.എൻ,എല്ലിന്റെ വരുമാനം 21,302 കോടി രൂപയായി ഉയർന്നിരുന്നു. നിലവിൽ നോൺ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് വിഭാഗങ്ങളിലായി 55,000 ജീവനക്കാരാണ് ബി.എസ്.എൻ.എല്ലിനുള്ളത്.
ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവയുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സർക്കാർ 2019ൽ 69,000 കോടി രൂപയുടെ പാക്കേജിന് അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച വി.ആർ.എസ് പദ്ധതിയിൽ 93,000 ജീവനക്കാരാണ് റിട്ടയർമെന്റ് തിരഞ്ഞെടുത്തത്.