
ന്യൂയോർക്ക്: ബ്രിട്ടീഷ് നടി ഒലീവിയ ഹസി (73) അന്തരിച്ചു. ക്യാൻസർ ബാധയെ തുടർന്ന് വെള്ളിയാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. ചെറുപ്പത്തിൽ നടിയാകാൻ ആഗ്രഹിച്ച ഒലീവിയ ലണ്ടനിലെ ഇറ്റാലിയ കോണ്ടൈ അക്കൗഡമി ഒഫ് തിയേറ്റർ ആർട്സിൽ അഞ്ച് വർഷം നാടകം പഠിച്ചു. ദ ബാറ്റിൽ ഒഫ് ദ വില്ല ഫിയോറിറ്റ (1965) ആണ് ആദ്യ ചിത്രം. റോമിയോ ആൻഡ് ജൂലിയറ്റിലെ (1968) കേന്ദ്ര കഥാപാത്രത്തിലൂടെ പ്രശസ്തയായി. ലോസ്റ്റ് ഹോറിസൺ, ബ്ലാക്ക് ക്രിസ്മസ്, ഡെത്ത് ഒൺ ദ നൈൽ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ഇറ്റ്, ജീസസ് ഒഫ് നസറേത്ത്, ദ ലാസ്റ്റ് ഡേയ്സ് ഒഫ് പോംപെയ് തുടങ്ങിയ ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു.1951 ഏപ്രിൽ 17ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ജനനം. പിതാവ് ആൻഡ്രെ ഓസുണ ടാംഗോ ഗായകനായിരുന്നു. മാതാവിന്റെ സ്വദേശമായ ഇംഗ്ലണ്ടിലാണ് ഒലീവിയ വളർന്നത്.
അമേരിക്കൻ സംഗീതജ്ഞൻ ഡേവിഡ് ഗ്ലെൻ ഐസ്‌ലിയാണ് ഭർത്താവ്. അമേരിക്കൻ പോപ് ഗായകനും നടനുമായിരുന്ന ഡീൻ പോൾ മാർട്ടിൻ, ജാപ്പനീസ് ഗായകൻ അകിറ ഫ്യൂസ് എന്നിവർ മുൻ ഭർത്താക്കൻമാരാണ്. മാക്‌സിമില്ലിയൻ ഫ്യൂസ്, അഭിനേതാക്കളായ അലക്‌സാണ്ടർ മാർട്ടിൻ, ഇന്ത്യ ഐസ്‌ലി എന്നിവരാണ് മക്കൾ.