
തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളെ ഉൾപ്പെടെ കുറ്റക്കാരാക്കിയുള്ള സി.ബി.ഐ കോടതി വിധി സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നതായി.
ടി.പി വധക്കേസിലെ വിധിക്കുശേഷം കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലുള്ള പ്രതിരോധമായാണ് ഇതിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്. കുറ്റക്കാരായി കോടതി കണ്ടെത്തിയ 14 പ്രതികളിൽ മുൻ എം.എൽ.എയും പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞുരാമനും ജില്ലാക്കമ്മിറ്റി അംഗവും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മണികണ്ഠനും ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡന്റും ഉൾപ്പെടെ ജില്ലയിലെ ആറു സി.പി.എം നേതാക്കളും ഉൾപ്പെടുന്നത് ഗൗരവാവഹമാണ്.
കുറ്റക്കാർക്ക് കോടതി അടുത്ത വെള്ളിയാഴ്ച നൽകുന്ന വിധിയും പാർട്ടിക്ക് നിർണായകമാണ്. വിശേഷിച്ച് സി.പി.എം കാസർകോട് ജില്ലാസമ്മേളനം നടക്കാനിരിക്കെ. കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികളിൽ പലരും നിരപരാധികളാണെന്ന് പറയുന്നപാർട്ടി നേതൃത്വം, വിധിക്കെതിരെ അപ്പീൽ പോകുമെന്നും അറിയിച്ചിട്ടുണ്ട്. അതെന്തായാലും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് ഒരു വർഷത്തിനകവും നിയമസഭ തിരഞ്ഞെടുപ്പ് 16 മാസത്തിനകവും നടക്കാനിരിക്കെ, ഈ വിധി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായി. സി.പി.എം ഇപ്പോഴും കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളും പിണറായി സർക്കാർ കൊലയാളികളെ സംരക്ഷിക്കുന്നവരുമാണെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുന്നു. കേസിലെ 24 പ്രതികളിൽ 10 പേരെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ വിധി എന്തായാലും നിയമയുദ്ധം തുടരും.
സി.ബി.ഐയെ തടയാൻ രണ്ടു കോടി
പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് സി.പി.എം നേതൃത്വം ആദ്യം മുതൽ പറഞ്ഞത്. എന്നാൽ,കേസന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ മുൻ എം.എൽ.എ കുഞ്ഞുരാമൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ ഒഴിവാക്കിയിരുന്നു. ഇതിനെതിരായ വാദി ഭാഗത്തിന്റെ അപ്പീലിൽ സി.ബി.ഐ അന്വേഷണം തടയാൻ സർക്കാരും സി.പി.എമ്മും
ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടയിയിലും നിയമ പോരാട്ടം നടത്തി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ വച്ച് നടത്തിയ പോരാട്ടത്തിന്ന് സർക്കാർ ഖജനാവിൽ നിന്ന് രണ്ടു കോടിയോളം രൂപ ചെലവാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.
വടകരയ്ക്കു പിന്നാലെ
സി.പി.എമ്മിന്റെ കൈയിലിരുന്ന വടകര പാർലമെന്റ് സീറ്റ് പാർട്ടിക്ക് നഷ്ടമായത് ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്നാണ്. വടകര പാർലമെന്റ് സീറ്റും എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന വടകര നിയമസഭാസീറ്റും അതിനുശേഷം തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നരപ്പതിറ്റാണ്ട് സി.പി.എമ്മിന്റെ ചെങ്കോട്ടയായിരുന്ന
കാസർകോട് സീറ്റും പെരിയ ഇരട്ടക്കൊലയ്ക്കുശേഷം പാർട്ടിയെ കൈവിട്ടു. 2019 ഫെബ്രുവരിയിലായിരുന്നു ഇരട്ടക്കൊല. തുടർന്ന് ആ വർഷം ഏപ്രിലിലും 2024 ഏപ്രിലിലും നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി
കോട്ടകളായിരുന്ന വടകരയിലെയും കാസർകോട്ടെയും പാർട്ടി അണികളുടെ കടുത്തഅമർഷവും കോൺഗ്രസിന്റെ മൃഗീയ ഭൂരിപക്ഷത്തിന് കാരണമായെന്നാണ് അനുമാനം.