d

മെൽബൺ: ബാസ്ബോളല്ല ടെസ്റ്റ് ക്രിക്കറ്റിന്റ ആത്മാവ് എന്ന് തെളിയിക്കുന്ന പ്രകടനവുമായി കന്നി സെ‌ഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡിയും (പുറത്താകാതെ 105)​,​ അർദ്ധ സെഞ്ച്വറി നേടിയ വാഷിംഗ്‌ടൺ സുന്ദറും (50)

ബോ‌ർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാം പോരാട്ടത്തിന്റെ മൂന്നാം ദിനം ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ഫോളോൺ ഒഴിവാക്കിയ ഇന്ത്യ ഓസ്ട്രേലിയയുടെ സ്കോർ മറികടക്കാൻ പൊരുതുകയാണ്. മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മൂന്നാം ദിനം കളി നിറുത്തുമ്പോൾ ഇന്ത്യ 358/9 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയയേക്കാൾ 116 റൺസ് പിന്നിലാണ് ഇന്ത്യ. ഓസീസ് ആദ്യ ഇന്നിംഗ്സിൽ 474 റൺസ് നേടിയിരുന്നു. നിതീഷിനൊപ്പ സിറാജാണ് (2) ക്രീസിൽ.

ഇന്നലെ 164/5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് റിഷഭ് പന്തിന്റെ (28) വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. നന്നായി തുടങ്ങിയ പന്ത് ബോളണ്ടിന്റെ പന്തിൽ തീർത്തും നിരുത്തരവാദിത്തപരമായ ഷോട്ട് കളിച്ച് ഡീപ് തേഡ്‌മാനിൽ നാഥൻ ലയണ് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ജഡേജയെ (17) ലയൺ എൽബിയിൽ കുരുക്കിയതോടെ ഇന്ത്യ 221/7 എന്ന നിലയിലായി.

കിടിലൻ കൂട്ടുകെട്ട്

ഇന്ത്യ ഫോളോൺ ഭീഷണി മുന്നിൽക്കാണവെ ജഡേജയ്‌ക്ക് പകരമെത്തിയ സുന്ദർ നിതീഷിനൊപ്പം ക്രീസിൽ പിടിച്ചു നിന്നതോടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അസാധാരണ ചെറുത്ത്നില്പിന് മെൽബൺ സാക്ഷിയാവുകയായിരുന്നു. നല്ല പന്തുകൾ ലീവ് ചെയ്തും പ്രതിരോധിച്ചും മോശം പന്തുകൾ തിരഞ്ഞെടുത്ത് ശിക്ഷിച്ചും നിതീഷും സുന്ദറും ഓസീസ് ബൗളിംഗിനെ സമർത്ഥമായി നേരിട്ടു. എട്ടാം വിക്കറ്റിൽ നിതീഷും സുന്ദറും ചേർന്ന് സൃഷ്ടിച്ച 127 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 285 പന്തുകളാണ് എട്ടാം വിക്കറ്റിൽ ഇരുവരും നേരിട്ടത്. നിതീഷാണ് ആദ്യം അർദ്ധ സെഞ്ച്വറി തികച്ചത്. എന്നാൽ അർദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ സുന്ദറിനെ ലയണിന്റ പന്തിൽ സ്ലിപ്പിൽ

സ്മിത്ത് പിടികൂടി. 162 പന്ത് നേരിട്ട സുന്ദറിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നത് ഒരേയൊരു ഫോർമാത്രം. പകരമെത്തിയ ബുംറയെ (0) പിന്നാലെ കമ്മിൻസ് ഡക്കാക്കി സ്ലിപ്പിൽ ഖ്വാജയുടെ കൈയിൽ എത്തിച്ചു.

സിറാജ് സൂപ്പറാ

ബുംറ പുറത്തായി ലാസ്റ്റ്മാൻ സിറാജ് ക്രീസിലെത്തുമ്പൾ കമ്മിൻസ് എറിഞ്ഞ 114-ാം ഓവറിൽ മൂന്ന് ബോൾ കൂടി ബാക്കിയുണ്ടായിരുന്നു. 99 റൺസുമായി നിതീഷ് നോൺ സ്ട്രൈക്കിംഗ് എൻഡിലും. സിറാജും പുറത്തായാൽ നിതീഷിന് ഏറെ അർഹിച്ച സെഞ്ച്വറി നഷ്ടപ്പെടും എന്ന അലസ്ഥയിൽ ഇന്ത്യൻ ഡഗൗട്ടിലും ഗാലറിയും പിരിമുറുക്കത്തിന്റെ നിമിഷങ്ങൾ. എന്നാൽ തന്റെ പരിചയ സമ്പത്ത് ഉപയോഗിച്ച് ആ മൂന്ന് പന്തും സിറാജ് മറികടന്നു. നാലാം പന്ത് ബീറ്റണായപ്പോൾ ബൗൺസറായ എത്തിയ അ‌ഞ്ചാം പന്ത് പ്രോപ്പർ ടെസ്റ്റ് ബാറ്ററെപ്പോലെ ലീവ് ചെയ്‌തു. സിറാജിനെക്കുടുക്കാൻ ഷോട്ട് ഫീൽഡർമാരെ നിറത്തിയെങ്കിലും അവസാന പന്തും താരം മോഹരമായി പ്രതിരോധിച്ചു. ഗാലറിയിൽ വലിയ ആരവം. നിതീഷ് കുമാറും കൈയടിച്ച് അഭിനന്ദിച്ചു. അടുത്ത ഓഴറിൽ ബോളണ്ടിനെ ബൗണ്ടറി കടത്തി നിതീഷ് കാത്തിരുന്ന കന്നി ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു. തുടർന്ന് രണ്ടോവർകൂടിയെ ഇന്നലെ കളി നടന്നുള്ളൂ. 176 പന്ത് നേരിട്ട നിതീഷ് 10 ഫോറും 1 സിക്‌സും നേടി.