കാസർകോട്/കണ്ണൂർ: മൂന്നു പുഴകളിലായി നാലു കുട്ടികൾ അടക്കം ആറുപേർ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴയിലെ ഇ.അഷറഫിന്റെയും ഷബ്നയുടേയും മകൻ യാസിൻ(12) സഹോദരൻ എരിഞ്ഞിപ്പുഴയിലെ മജീദിന്റെയും സഫീനയുടെയും മകൻ സമദ് (12) സഹോദരി മഞ്ചേശ്വരം ഉദ്യാവരയിലെ റംലയുടെയും സിദ്ധിഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് മരിച്ചത്. രക്ഷിക്കാനുള്ള ശ്രമിച്ച റിയാസിന്റെ മാതാവ് റംലയും മുങ്ങിയെങ്കിലും സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ രക്ഷിച്ചു.

തൊഴിലാളികൾ റിയാസിനെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു. യാസിൻ, സമദ് എന്നിവരുടെ മൃതദേഹങ്ങൾ വൈകുന്നേരം അഞ്ചു മണിയോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ രാത്രി പോസ്റ്റുമോർട്ടം പൂർത്തിയാക്കി.

അവധിക്കാലം ആഘോഷിക്കാൻ മാതാവിന്റെ കൂടെ എരിഞ്ഞിപ്പുഴയിലെ തറവാട് വീട്ടിൽ എത്തിയതായിരുന്നു റിയാസ്. സഹോദര പുത്രന്മാരായ യാസിനും സമദും ഒപ്പം കൂടി കുളിക്കാൻ എത്തിയതായിരുന്നു.ഒരു കുട്ടി വെള്ളത്തിൽ വീണപ്പോൾ മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചതാണ് അവരുടെയും ജീവനെടുത്തത്.

പുഴകാണാൻപോയത്

അന്ത്യയാത്രയായി

കണ്ണൂർ ഇരിട്ടി ബാരാപ്പോൾ പുഴയുടെ ഭാഗമായ വള്ളിത്തോട് ചരൾ പുഴയിലാണ് കണ്ണൂർ കൊറ്റാളിക്കാവിന് സമീപത്തെ വയലിൽ പൊല്ലാട്ട് ഹൌസിൽ വിൻസന്റ് (42), അയൽവാസി ചെറിയേടത്ത് സുലേഖയുടെ മകൻ ആൽവിൻ കൃഷ്ണ (9) എന്നിവർ മരിച്ചത്.

സഹോദരി ജെസിയുടെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന അമ്മ മറിയാമ്മയുടെ പരിചരണത്തിനായി ഒരാഴ്ച മുൻപാണ് വിൻസെന്റ് ചരലിൽ എത്തിയത്. മറിയാമ്മയെ കാണാൻ വന്ന അയൽവാസിയായ സുലേഖയുടെ കൂടെവന്ന മകൻ ആൽവിൻ കൃഷ്ണയേയും ജെസിയുടെ മകൻ ആൽബിനെയും കൂട്ടി വിൻസെന്റ്കാറിൽ ചരൾ പുഴ കാണാൻ പോവുകയായിരുന്നു. പുഴയിലിറങ്ങുന്നത് വിലക്കിയെങ്കിലും ആൽവിൻ കൃഷ്ണ ചുഴിയിൽ പെടുകയായിരുന്നു. രക്ഷിക്കാൻ ഇറങ്ങിയ വിൻസെന്റും ചുഴിയിൽ പെട്ടു.

ഇരുവരെയും ഇരിട്ടിയിലെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിൻസന്റ് അവിവാഹിതനാണ്. ജെസ്സി, റോയ് എന്നിവർ സഹോദരങ്ങൾ. പളളിക്കുന്ന് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആൽവിൻ കൃഷ്ണ കണ്ണൂർ കൊറ്റാളിയിലെ ചെറിയേടത്ത് സുലേഖയുടെയും രാജേഷിന്റെയും മകനാണ്. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി അലൻ കൃഷ്ണ സഹോദരൻ.

കയത്തിൽ മുങ്ങി

ജെറിൻ ജോസഫ്

കണിച്ചാർ നെല്ലിക്കുന്നിലെ ശാസ്താംകുന്നേൽ ജെറിൻ ജോസഫാണ് (27) ആണ് കണ്ണൂർ കേളകം ബാവലിപ്പുഴയിലെ കുണ്ടേരി ആഞ്ഞിലി കയത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കൂട്ടുകാരുമൊന്നിച്ച് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.നെല്ലിക്കുന്നിലെ പരേതനായ റോയി - ജെസി ദമ്പതികളുടെ മകനാണ് ജെറിൻ.സഹോദരി ജുവൽ. നെല്ലിക്കുന്ന് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലെ വേദപാഠം അദ്ധ്യാപകനാണ്.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.