
മോസ്‌കോ: അസർബൈജാൻ യാത്രാവിമാനം കസാഖ്സ്ഥാനിൽ തകർന്ന് വീണ സംഭവത്തിൽ ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അസർബെെജാൻ പ്രസിഡന്റുമായി പുട്ടിൻ ഫോണിൽ വിളിച്ച് സംസാരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരകളുടെ കുടുംബങ്ങളോട് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും പുട്ടിൻ പറഞ്ഞു.
അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പറന്നുയർന്ന വിമാനം ബുധനാഴ്ച കസാക്കിസ്ഥാനിലെ അക്‌തൗ വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്. മോശം കാലാവസ്ഥ മൂലം ഗ്രോസ്‌നിയിൽ ലാൻഡിംഗ് നിഷേധിച്ചു. മറ്റ് റഷ്യൻ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗിന് വിമാനം അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഗ്രോസ്‌നിയിൽ ലാൻഡിംഗിന് ശ്രമിച്ചപ്പോൾ പുറത്ത് സ്ഫോടന ശബ്ദം കേട്ടതായി രക്ഷപ്പെട്ടവർ പറയുന്നു.
തുടർന്ന് കാസ്പിയൻ കടൽ കടന്ന് കസഖ്സ്ഥാനിലെ അക്‌റ്റൗ എയർപോർട്ട് ലക്ഷ്യമാക്കി പോയ വിമാനം എയർപോർട്ടിന് മൂന്ന് കിലോമീറ്റർ അകലെ കാസ്പിയൻ കടൽത്തീരത്ത് തകർന്നുവീഴുകയായിരുന്നു. യുക്രെയിൻ ഡ്രോൺ ആക്രമണം ശക്തമാക്കിയ മേഖലയായിരുന്നു ഗ്രോസ്‌നി. വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേർ അപകടത്തിൽ മരിച്ചു, രണ്ട് കുട്ടികളടക്കം 29 പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി കസാഖ് അധികൃതർ ബുധനാഴ്ച അറിയിച്ചു.
അസർബൈജാനിൽ നിന്നുള്ള 37 പൗരന്മാരും റഷ്യയിൽ നിന്നുള്ള 16 പേരും കസാക്കിസ്ഥാനിൽ നിന്നുള്ള ആറ് പേരും കിർഗിസ്ഥാനിൽ നിന്നുള്ള മൂന്ന് പേരും വിമാനത്തിലുണ്ടായിരുന്നതായി കസാഖ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം തകർന്ന സംഭവത്തിൽ ബാഹ്യഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബെെജാൻ എയർ ലെെൻസ് ആരോപിച്ചിരുന്നു.
സംഭവത്തിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പുട്ടിന്റെ ഇത്തരമൊരു പ്രതികരണം. അപകടസ്ഥലത്ത് നിന്ന് രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് അപകടത്തിന് കാരണം ബാഹ്യഇടപെടലെന്ന് അസർബൈജാൻ എയർലൈൻസ് അറിയിച്ചത്.