
ശ്രീനാരായണ ഭക്തജനങ്ങൾ തങ്ങളുടെ ആത്മീയ തലസ്ഥാനം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിന്റെ പുണ്യദിനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു. 92-ാം തീർത്ഥാടനം ഡിസംബർ 15 ന് ആരംഭിച്ചതാണെങ്കിലും അത് പൂർണാഭയോടെ ശോഭിക്കുന്നത് ഇന്നു മുതൽ 2025 ജനുവരി ഒന്നു വരെയുള്ള തീയതികളിലാണ്.
ഗുരുദേവൻ സശരീരനായിരുന്നപ്പോൾ 'ഗുരുവല്ലോ പരദൈവം" എന്ന് കുമാരനാശാനും, 'ദൈവം മൂർത്തിയായിരിക്കുന്നു"വെന്ന് ശിവലിംഗസ്വാമിയും 'ഈശ്വരചൈതന്യം തുളുമ്പുന്ന മുഖം" എന്ന് ടാഗോറും, 'പുണ്യാത്മാവായ ശ്രീനാരായണഗുരു സ്വാമികൾ" എന്ന് മഹാത്മാഗാന്ധിയും, 'ഇന്ത്യയിലെ അവതാര പുരുഷന്മാരിലൊരാൾ" എന്ന് ആചാര്യ വിനോബാജിയും, 'കലിയുഗത്തിലെ അവതാര പുരുഷനെ"ന്ന് മന്നത്ത് പത്മനാഭനും, 'ജ്ഞാനത്തിൽ ശങ്കരനും സ്‌നേഹത്തിൽ ക്രിസ്തുവും സാഹോദര്യത്തിൽ നബിയും അഹിംസയിൽ ബുദ്ധനും യോഗത്തിൽ പതഞ്ജലിയും ഭരണ നൈപുണ്യത്തിൽ മനുവു"മായ ശ്രീനാരായണ ഗുരു (ഈ ഗുരുക്കന്മാരുടെയെല്ലാം മൂർത്തിമദ്ഭാവം) എന്ന് തിയോസഫിക്കൽ സൊസൈറ്റിയും ഗുരുവിനെ വിലയിരുത്തിയിട്ടുണ്ട്.
ഗുരുദേവനെ ഈശ്വരനായി ആരാധിക്കണം എന്നാണ് ഇതിൽ നിന്നെല്ലാം മനസിലാകുന്നത്. യേശുക്രിസ്തുവിനെ എപ്രകാരം ദൈവപുത്രനായി ആരാധിക്കുന്നുവോ, അതുപോലെ ഗുരുദേവനും ആരാദ്ധ്യനാണ്. ഗുരുദേവനെ കേരളത്തിൽ ജനിച്ച; അല്ലെങ്കിൽ ഭാരതത്തിൽ ജനിച്ച സാമൂഹ്യപരിഷ്‌കർത്താക്കളുടെ കൂടെയാണ് പലരും വിലയിരുത്തുന്നത്. എന്നാൽ ഗുരുദേവൻ ജീവിതംകൊണ്ടും ദർശനംകൊണ്ടും വിശ്വഗുരുവാണെന്ന് മനസിലാക്കാം. ഗുരുദേവൻ അദ്വൈതിയാണ്, വേദാന്തിയാണ്. വേദാന്തദർശന പ്രകാരമാണ് ഗുരുദേവനെ വായിച്ചറിയേണ്ടത്. ശിവഗിരി തീർത്ഥാടനം അദ്വൈതിയായ ലോകാചാര്യന്റെ ലോകസംഗ്രഹ പ്രവർത്തനങ്ങളുടെ ഉരകല്ലാണ്. ഈശ്വരീയതയിൽ വിഹരിച്ച ഒരു ആദ്ധ്യാത്മ ഗുരുവിന്റെ ലോകകാരുണ്യത്തിന്റെ ആവിഷ്‌കാരമാണ് തീർത്ഥാടന സന്ദേശം.
നാരായണൻ
ഗുരുവായത്
ഒരു മഹാത്മാവിനെ വിലയിരുത്തേണ്ടത് അദ്ദേഹം അനുവർത്തിച്ച ജീവിതംകൊണ്ടും തത്വദർശനം കൊണ്ടുമാണ്. ഭൗതികവാദം എന്ന 'മാനിയ" രോഗം പിടിപെട്ടവർക്ക് ഗുരുസ്വരൂപം കണ്ടെത്തുവാൻ ഏറെ വിഷമിക്കേണ്ടതായുണ്ട്. ആദ്യം അറിയേണ്ടത് 'ശ്രീനാരായണ ഗുരു" എങ്ങനെയുണ്ടായി എന്നാണ്? ചെമ്പഴന്തിയിൽ വന്നു പിറന്നത് നാരായണനാണ്. തപസാണ് ഗുരുക്കന്മാരെ സൃഷ്ടിക്കുന്നത്. തപസിലൂടെ സിദ്ധാർത്ഥൻ ശ്രീബുദ്ധനായി, യേശു ക്രിസ്തുവായി, മുഹമ്മദ് നബിയായി, ശങ്കരൻ ശ്രീ ശങ്കരാചാര്യരായി, ഗംഗാധരൻ ശ്രീരാമകൃഷ്ണനായി. അതുപോലെ ചെമ്പഴന്തിയിലെ നാരായണൻ ശ്രീനാരായണ ഗുരുവായി.
ഇവിടെ ഈശ്വരാനുഭൂതിയിൽ ലയിച്ച ഗുരുദേവൻ ഈശ്വരൻ തന്നെയായിരിക്കുന്നു. അത് ഗുരുദേവന്റെ വാക്കുകളിലൂടെ നമുക്കു മനസിലാക്കാം. ഗുരുദേവന്റെ പാരമ്പര്യം മേൽപ്പറഞ്ഞ ഗുരുക്കന്മാരുടെ പാരമ്പര്യമാണ്. ഒരു ക്രൈസ്തവൻ യേശുക്രിസ്തുവിനെ ആരാധിക്കുന്നതു പോലെയാണ് ശ്രീനാരായണീയർ ഗുരുദേവനെ ദൈവമായി ആരാധിക്കുന്നത്. ചെമ്പഴന്തിയിലെ നാരായണൻ മരുത്വാമലയിലും മറ്റും ചെയ്ത തപസിലൂടെ നാരായണഗുരുവായി, ശ്രീനാരായണ പരമഹംസനായി അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മനിഷ്ഠനായി, പരബ്രഹ്മസ്വരൂപിയായി, പരമദൈവമായി.
നാമും ദൈവവും
ഒന്നായിരിക്കുന്നു
'ആത്മവിലാസ"മെന്ന ഗദ്യകൃതിയിലൂടെ ഗുരു ഉപദേശിക്കുന്നു: 'ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേൾക്കുകയും ത്വക്കില്ലാതെ സ്പർശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. നാമും ദൈവവും ഒന്നായിരിക്കുന്നു. നാം ദൈവത്തോട് ഒന്നായിപ്പോകുന്നു...." ഒരുകോടി (അനന്തം) സൂര്യന്മാർ ഒരേ സമയം ഒരാളുടെ ഹൃദയത്തിൽ ഉദിച്ചുയർന്നാൽ എങ്ങനെയോ, അതുപോലെയാണ് ഗുരുദേവൻ ഈശ്വരനിൽ വിലയം പ്രാപിച്ച് ഈശ്വരൻ മാത്രമായതെന്ന് ഗുരുദേവൻ തന്നെ 'ചിജ്ജഡചിന്തനം" എന്ന കൃതിയിലൂടെ പ്രഖ്യാപനം ചെയ്യുന്നു. 'ഗുരു ദൈവസമാനനല്ല, സാക്ഷാൽ ദൈവം തന്നെയാണ്" എന്ന് ഈ ഗുരുവാണി നമ്മെ പഠിപ്പിക്കുന്നു. മരുത്വാമലയിലെ തപശ്ചര്യാ കാലയളവിൽ അവിടുത്തേക്ക് അനുഭൂതമായ ദേവീദേവ സാക്ഷാത്കാരാനുഭവങ്ങളുടെ സ്വരൂപം ഗുരുദേവ കൃതിയിലൂടെ അറിയുവാൻ സാധിക്കും. വേദാന്ത ശാസ്ത്ര പ്രകാരം ദേവീദേവൻമാർക്ക് അതീതമാണ് ബ്രഹ്മം. തപസിലൂടെ ഗുരു ആ ബ്രഹ്മത്തെ പ്രാപിക്കുകയും ചെയ്തു.
ശ്രീനാരായണഗുരു ഏതാണ്ട് മുപ്പതാം വയസിൽ ഈ അവസ്ഥയെ പ്രാപിച്ചു. തുടർന്ന് 73-ാം വയസുവരെ മഹാസമാധിപര്യന്തം വിഹരിച്ചത് ഈ സഹജ സമാദ്ധ്യവസ്ഥയിലാണ്. ഗുരുദേവൻ നാല്പതു വർഷക്കാലം നിർവഹിച്ച സാമൂഹ്യ നവോത്ഥാനം ഈ ദൈവഭാവത്തിൽ അമർന്നുകൊണ്ടായിരുന്നു. അങ്ങനെ അമർന്ന ഈശ്വര സ്വരൂപനായ ഗുരുവിനെയാണ് മഹാകവി ടാഗോറും ഗാന്ധിജിയും ശിവഗിരിയിൽ വന്നു കണ്ടത്. 'ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ പുണ്യാത്മാവ് ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മറ്റാരുമല്ലെന്ന്" ദീനബന്ധു സി.എഫ്. ആൻഡ്രൂസിനെക്കൊണ്ട് പറയിച്ചതും ഗുരുദേവന്റെ ഈശ്വരീയഭാവമാണ്.
ഗുരുവിൽ നിന്ന്
ദൈവത്തിലേക്ക്
ഗുരുദേവൻ സശരീരനായി ഇരുന്ന കാലം മുതൽക്കുതന്നെ ഗുരു, പ്രത്യക്ഷമായ ദൈവം തന്നെയാണ്. സർവരാലും ആരാധിക്കപ്പെട്ടതും അതുകൊണ്ടു തന്നെയാണ്. ഒരു ഗുരുവും ദൈവവും തമ്മിൽ 'മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വ്യത്യാസമേയുള്ളൂ" എന്ന് ശ്രീരാമകൃഷ്ണദേവൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ ദൈവത്തിന്റെ മൂർത്തരൂപമാണ് ഗുരു. ശിവഗിരി മഹാസമാധി മന്ദിരത്തിന്റെ സമുദ്ഘാടന വേളയിൽ അന്നത്തെ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ 'ദൈവജ്ഞൻ എന്ന പദത്തിന്റെ യഥാർത്ഥമായ അർത്ഥമാണ് നാരായണഗുരു" എന്ന് പ്രഖ്യാപിച്ചതും ഇവിടെ ശ്രദ്ധേയമാണ്.
ഗുരുദേവന്റെ 75- ഓളം വർഷത്തെ ജീവിതവും 63-ഓളം കൃതികളും തൃപ്പാദങ്ങളുടെ ദൈവസ്വരൂപത്തെ വെളിവാക്കിത്തരുന്നു. ഭാഗവതം, ഭഗവദ്ഗീത എന്നിവയിലൂടെ കൃഷ്ണസ്വരൂപവും ബൈബിളിലൂടെ ക്രിസ്തുസ്വരൂപവും അനുഭവിച്ചറിയുന്നതു പോലെയാണ് അത്.
ശിവഗിരി തീർത്ഥാടനത്തിനും മഹാസമാധി ദിനത്തിനും ഗുരുജയന്തിക്കും എത്തിച്ചേരുന്ന ഗുരുഭക്തരുടെ സംഖ്യ വർഷങ്ങൾ കഴിയുന്തോറും ജനലക്ഷങ്ങളായി വർദ്ധിച്ചുവരുന്നു. അത് ഗുരുദേവൻ അവരുടെ അഭയവരദ മൂർത്തി ആയതുകൊണ്ടാണ്. ലോകമെമ്പാടും ആയിരക്കണക്കിന് ഗുരുദേവ ക്ഷേത്രങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നതും ഈ വിശ്വാസം ദൃഢതരമായ അനുഭവസത്യമായതു കൊണ്ടാണ്. കൃഷ്ണനെയും ബുദ്ധനെയും ക്രിസ്തുവിനെയും ഭജിച്ചാൽ ലഭിക്കുന്ന അനുഭവം പോലെയാണത്. ശിവഗിരി തീർത്ഥാടനത്തിന്റെ സവിശേഷത, ഈശ്വരാനുഭൂതിക്കു വേണ്ടി ഭജിക്കുന്നതോടൊപ്പം ഗുരുദേവൻ കൽപ്പിച്ച എട്ടു വിഷയങ്ങളിൽ അറിവു നേടാനും സാധിക്കുന്നു എന്നതാണ്. ഈശ്വരകാരുണ്യവും, ഒപ്പം അറിവും നേടുക എന്നതാണ് തീർത്ഥാടന ലക്ഷ്യം.
ഗുരുദേവൻ ഒരു സാമൂഹ്യപരിഷ്‌കർത്താവാണ് എന്നു കരുതുന്നവർ ഏറെയുണ്ട്. അത് മഹാത്മാഗാന്ധി ഒരു വക്കീലാണ് എന്ന് പറയുന്നതു പോലെയാണ്. ഗുരുസ്വരൂപത്തെ പൂർണമായും അവർക്ക് കണ്ടെത്താനായില്ല എന്നു മാത്രം. മറ്റു ചിലരുടെ അഭിപ്രായം, ഗുരുവിനെ ദൈവമാക്കിയാൽ ഗുരു പ്രസരിപ്പിച്ച സ്വതന്ത്രചിന്തയ്ക്കും സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങൾക്കും മൂല്യങ്ങൾക്കും കുറവു സംഭവിക്കും എന്നാണ്. വാസ്തവത്തിൽ ഗുരുദേവനെ ദൈവമായി ആരാധിക്കുന്നവരാണ് ഗുരുദർശനത്തിന്റെ കാലികപ്രസക്തിയിൽ ഊന്നിനിന്ന് പ്രവർത്തിക്കുന്നവർ. അവർ ഗുരുദേവനെ ദൈവമായി ഹൃദയത്തിൽ പ്രതിഷ്ഠിച്ച്, ബുദ്ധിയിൽ ഗുരുദർശനത്തെ നിറച്ച് അതിന്റെ സാഫല്യതയ്ക്കു വേണ്ടി പ്രവർത്തിക്കുന്നു. ഗുരുവിന്റെ ജീവിതവും ദർശനവും പഠിച്ചറിഞ്ഞവന് ഗുരു പ്രത്യക്ഷ ബ്രഹ്മമാണ്. അന്ധതയിൽനിന്നുള്ള മോചനത്തിനാണല്ലോ നാം ശ്രമിക്കേണ്ടത്.