
തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്‌റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ പാച്ചല്ലൂർ സുകുമാരൻ സ്മാരക അവാർഡ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്. കവിയും ഐ.ജെ.ടി ഡയറക്ടറുമായ ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്താ സമ്മേളനത്തിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് കെ.ജയകുമാർ. 25000 രൂപയും, ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കവിയും കൈരളി ചാനൽ ന്യൂസ് കൺസൽട്ടന്റുമായ എൻ.പി. ചന്ദ്രശേഖരൻ, അദ്ധ്യാപികയും മാദ്ധ്യമ പ്രവർത്തകയുമായ സ്വരൂപ കർത്ത എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.
മലയാള സാഹിത്യ ശാഖകളിലും ഔദ്യോഗിക മേഖലകളിലും സമഗ്ര ചാരുതയോടെ വിളങ്ങുന്ന വ്യക്തിയാണ് കെ.ജയകുമാറെന്ന് ജൂറി വിലയിരുത്തി. ചീഫ് സെക്രട്ടറിയായിരുന്ന അദ്ദ്ദേഹം നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്ത കൃതികളുടെയും പരിഭാഷകനുമാണ്. വിവിധ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.ജയകുമാർ രചിച്ച ഗാനങ്ങൾ ചന്ദനലേപ സുഗന്‌ധം പരത്തുന്നതും അർത്ഥസംപുഷ്ടവുമാണെന്നും ജൂറി ചൂണ്ടിക്കാട്ടി.
35 വയസ്സിനു താഴെ പ്രായമുള്ള എഴുത്തുകാർക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് കഥ - ആദിത്ത് കൃഷ്ണ ചെമ്പത്ത് [ മലപ്പുറം ], കവിത - ഗണേഷ് പുത്തൂർ (ആലപ്പുഴ ], വിജിമോൾ [തിരുവനന്തപുരം ], നോവൽ - അഖിൽ.സി.എം [ തിരുവനന്തപുരം ] എന്നിവർ അർഹരായി. 2025 ജനുവരി 10ന് രാവിലെ ഒൻപതിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ മന്ത്രി ശ്രീ.വി.എൻ. വാസവൻ കെ.ജയകുമാറിന് അവാർഡ് സമ്മാനിക്കും. മുൻ ഡി.ജി.പി.യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ ജൂറി അംഗങ്ങളായ എൻ.പി.ചന്ദ്രശേഖരൻ, സ്വരൂപ കർത്ത,ട്രസ്റ്റ് സെക്രട്ടറി അജിത് പാവംകോട്, ഖജാൻജി സുനിൽ പാച്ചല്ലൂർ എന്നിവരും പങ്കെടുത്തു.