plane

സോൾ: ദക്ഷിണ കൊറിയയിൽ യാത്രാവിമാനം തകർന്ന് 62 പേർ മരിച്ചു. നിരവധി പേർക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുവാൻ വിമാനത്താവളത്തിന് സമീപത്തായിരുന്നു അപകടം. 181 പേരുമായി തായ്‌ലൻഡിൽ നിന്നെത്തിയ ജെജു എയർലൈൻസിന്റെ വിമാനമാണ് എമർജൻസി ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്.

പക്ഷിയിടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിൽ പടർന്ന തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്. വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേരും ദക്ഷിണകൊറിയക്കാരാണ്. രണ്ടുപേർ തായ്‌ലൻഡുകാരും. ആറുജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ ബുധനാഴ്ച അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പാണ് ദക്ഷിണകൊറിയയിലെ വിമാനാപകടം. എമർജൻസി ലാൻഡിംഗിനിടെയായിരുന്നു അസർബൈജാൻ വിമാനവും അപകടത്തിൽപ്പെട്ടത്. പക്ഷിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റഷ്യ പറഞ്ഞിരുന്നത്. എന്നാൽ അപകടം റഷ്യൻ വ്യോമപരിധിയിലായതിനാൽ അത്യാഹിതത്തിന് പിന്നിൽ റഷ്യയാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൽ റഷ്യ പ്രതികരിച്ചിരുന്നില്ല.

എന്നാൽ, കഴിഞ്ഞദിവസം അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തി. റഷ്യൻ വ്യോമപരിധിയിലുണ്ടായ അപകടത്തിൽ അഗാത ദുഃഖം രേഖപ്പെടുത്തിയ പുട്ടിൻ ,​ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദി റഷ്യയാണെന്നോ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വിമാനത്തെ വെടിവച്ചെന്നോ പുട്ടിൻ പറഞ്ഞിട്ടില്ല. എന്നാൽ, അപകടസമയം മേഖലയിൽ യുക്രെയിൻ ഡ്രോൺ ആക്രമണങ്ങളുണ്ടായെന്നും റഷ്യ അവയെ ചെറുത്തിരുന്നെന്നും അറിയിച്ചു. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചെന്നും വ്യക്തമാക്കി. വിമാനം തകർന്നതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ അപകടത്തിൽ അസർബൈജാൻ റഷ്യയെ കുറ്റപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച അസർബൈജാനിലെ ബാകുവിൽ നിന്ന് തെക്കൻ റഷ്യയിലെ ചെച്‌ന്യ മേഖലയിലെ ഗ്രോസ്‌നിയിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ഗ്രോസ്‌നിയിൽ ലാൻഡിംഗിന് ശ്രമിച്ചപ്പോൾ പുറത്ത് സ്ഫോടന ശബ്ദം കേട്ടതായി അപകടത്തിൽ രക്ഷപ്പെട്ടവർ പറയുന്നു. തുടർന്ന് അടിയന്തര ലാൻഡിംഗിനായി കസാഖിസ്ഥാനിലെ അക്‌റ്റൗ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ട വിമാനം,​ അക്‌റ്റൗവിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെ കാസ്പിയൻ കടൽത്തീരത്ത് തകർന്നുവീഴുകയായിരുന്നു.

അപകടത്തിൽ 29 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യൻ വ്യോമ പ്രതിരോധ മിസൈൽ വിമാനത്തിന് പുറത്തുവച്ച് പൊട്ടിത്തെറിച്ചിരിക്കാമെന്നും അവശിഷ്ടങ്ങൾ വിമാനത്തിൽ തുളച്ചുകയറിയിരിക്കാം എന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.