
ബിരിയാണി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ചിക്കനോ, മട്ടണോ, ബീഫോ ആയിക്കൊള്ളട്ടെ കിട്ടിയാൽ മൂക്കുമുട്ടെ കഴിക്കും. എല്ലാം കഴിഞ്ഞ് ഇഷ്ടപ്പെട്ട ഫ്ലേവറിലുള്ള ഐസ്ക്രീമും കൂടിയായാൽ കേമമായി.
എന്നാൽ ഒരു ഐസ്ക്രീം ബിരിയാണി കിട്ടിയാലോ? സംഗതി പിടികിട്ടിയില്ല അല്ലേ, പറയാം. മുംബയിൽ നിന്നുള്ള ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹിന കൗസർ റാദിൽ നടത്തിയ പുതിയ പരീക്ഷണമാണ് ഐസ്ക്രീം ബിരിയാണി എന്ന അസാധാരണ വിഭവം. തന്റെ ബേക്കിംഗ് അക്കാഡമിയിലായിരുന്നു പുത്തൻ വിഭവത്തിന്റെ പരീക്ഷണം. ഇവിടെ ഏഴുദിവസമായി നടന്ന ഒരു ബേക്കിംഗ് കോഴ്സിന്റെ അവസാനദിവസമായിരുന്നു ഐസ്ക്രീം ബിരിയാണി അവതരിപ്പിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ വൈറലാണ്.
രണ്ട് പാത്രങ്ങളിൽ നിറയെ ബിരിയാണിയും അതിന് അടുത്തായി ഹിന നിൽക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിൽ. ബിരിയാണിക്കകത്ത് സ്ട്രോബറി ഐസ്ക്രീമും കാണാം. ഹിന പാത്രത്തിൽ ബിരിയാണി കോടിയെടുക്കുന്നതാണ് തുടർന്ന് കാണുന്നത്. പാത്രത്തിൽ ബിരിയാണി റൈസിനൊപ്പം ഐസ്ക്രീമും കോരിയെടുക്കുകയാണ് ചെയ്യുന്നത്. പരീക്ഷണ വിഭവം ലോകോത്തരം എന്നാണ് ഹിന പറയുന്നത്.
എന്നാൽ, ബിരിയാണി പ്രേമികൾക്ക് ഇതത്ര പിടിച്ചമട്ടില്ല. ഇഷ്ടവിഭവത്തെ ഇങ്ങനെ അപമാനിച്ച ഹിനയ്‌ക്കെതിരെ അവർക്കിടയിൽ ദേഷദ്യം നുരഞ്ഞുപൊന്തുകയാണ്. ദയവായി ബിരിയാണിയോട് ഇങ്ങനെ ചെയ്യരുത്, ഇത് കൊലച്ചതിയായിപ്പോയി എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഇനി ഇത്തരം പരീക്ഷണങ്ങൾ നടത്തരുതെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.