
ഒളിമ്പിക്സും ട്വന്റി-20 ലോകകപ്പും യൂറോകപ്പും കോപ്പ അമേരിക്കയും ചെസ് ഒളിമ്പ്യാഡും ലോക ചെസ് ചാമ്പ്യൻഷിപ്പുമൊക്കെയായി കായികലോകത്തെ ആവേശം കൊള്ളിച്ച ഒരു വർഷമാണ് കടന്നുപോകുന്നത്. 2024ലെ പ്രധാന കായിക സംഭവ വികാസങ്ങളിലേക്ക് ഒരു എത്തിനോട്ടം...
1. പാരീസ് ഒളിമ്പിക്സ്
ഒളിമ്പിക്സിന്റെ 33-ാം പതിപ്പിനാണ് പാരീസ് സാക്ഷ്യം വഹിച്ചത്.ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ സ്റ്റേഡിയം വിട്ടിറങ്ങിയത് പാരീസിലായിരുന്നു. സെൻ നദിയുടെ ഓളപ്പരപ്പിൽ താരങ്ങളുടെ മാർച്ച് പാസ്റ്റ് ചരിത്രമായി. അവസാന ദിവസത്തെ അവസാന മത്സരമായ വനിതകളുടെ ബാസ്കറ്റ് ബാളിൽ ആതിഥേയരായ ഫ്രാൻസിനെ തോൽപ്പിച്ച് അമേരിക്ക ഒളിമ്പിക് ചാമ്പ്യൻപട്ടം നിലനിറുത്തി. 40 സ്വർണം വീതമാണ് അമേരിക്കയും ചൈനയും പാരീസിൽ നിന്ന് സ്വന്തമാക്കിയത്. 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡലുകൾ അമേരിക്കയുടെ അക്കൗണ്ടിലെത്തിയപ്പോൾ 27 വെള്ളിയും 24 വെങ്കലവുംകൂട്ടി ആകെ 91 മെഡലുകളാണ് ചൈന നേടിയത്. ഒരു വെള്ളിയും 5 വെങ്കലവുമുൾപ്പെടെ 6 മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനത്തായി.
ഇന്ത്യൻ മെഡൽ ജേതാക്കൾ
വെള്ളി
നീരജ് ചോപ്ര (അത്‌ലറ്റിക്സ്)
വെങ്കലം
മനു ഭാക്കർ (ഷൂട്ടിംഗ്)
മനു ഭാക്കർ - സരബ്ജോത് (ഷൂട്ടിംഗ്)
സ്വപ്നിൽ കുശാലെ (ഷൂട്ടിംഗ്)
പുരുഷ ഹോക്കി ടീം
അമൻ ഷെറാവത്ത് (ഗുസ്തി)
2.പാരാലിമ്പിക്സിലും
ചരിത്രനേട്ടം
ഒളിമ്പിക്സിന് പിന്നാലെ ഇതേ വേദികളിൽ നടന്ന പാരാലിമ്പിക്സിലും ഇന്ത്യ ചരിത്രനേട്ടമാണ് കൈവരിച്ചത്.ഏഴ് സ്വർണവും ഒൻപത് വെള്ളിയും 13 വെങ്കലങ്ങളുമടക്കം 29 മെഡലുകളാണ് പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. ഷൂട്ടിംഗിൽ അവനി ലെഖാര, ബാഡ്മിന്റണിൽ നിതേഷ് കുമാർ,ജാവലിനിൽ സുമിത് ആന്റിൽ,നവ്ദീപ് സിംഗ്, ക്ളബ് ത്രോയിൽ ധരംവീർ സിംഗ്, ആർച്ചറിയിൽ ഹർവീന്ദർ,ഹൈജമ്പിൽ പ്രവീൺ കുമാർ എന്നിവരാണ് സ്വർണം നേടിയത്
3. ട്വന്റി-20 ലോകകപ്പ്
അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ലോകകപ്പിൽ ഒറ്റക്കളിപോലും തോൽക്കാതെ ഫൈനലിലെത്തുകയും അവിടെ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് തോൽപ്പിക്കുകയും ചെയ്താണ് രോഹിതും കൂട്ടരും കിരീടമുയർത്തിയത്. ട്വന്റി-20 ഫോർമാറ്റിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. ഏത് ഫോർമാറ്റിലെയും നാലാമത്തെ ലോക കിരീടവും. 2013ന് ശേഷം ഒരു ഐ.സി.സി ടൂർണമെന്റിൽ പോലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് കഴുകിക്കളഞ്ഞാണ് ഇന്ത്യയുടെ വിശ്വവിജയം.
4. ലോകചാമ്പ്യനായി ഗുകേഷ്
സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറെനെ തോൽപ്പിച്ച് ഇന്ത്യൻ കൗമാര താരം ഡി ഗുകേഷ് ലോല ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് 19കാരനായ ഗുകേഷ്.
5.ചെസ് ഒളിമ്പ്യാഡിലെ തേരോട്ടം
ഹംഗറിയിൽ നടന്ന 45-ാമത് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീമുകൾ ജേതാക്കളായി. ഡി.ഗുകേഷ്, അർജുൻ എരിഗേസി, പ്രഗ്നാനന്ദ,വിദിത്ത് ഗുജറാത്തി.പെന്റാല ഹരികൃഷ്ണ എന്നിവരടങ്ങിയ ടീമാണ് ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടിയത് . വനിതാവിഭാഗത്തിൽ ജേതാക്കളായത് ഡി.ഹരിക, ആർ.വൈശാലി, ടാനിയ സച്ദേവ്,വന്ദിക അഗർവാൾ,ദിവ്യ ദേശ്മുഖ് എന്നിവർ ചേർന്നാണ്. ഡി.ഗുകേഷ്,അർജുൻ എരിഗേസി,ദിവ്യ ദേശ്മുഖ്,വന്ദിക അഗർവാൾ വന്ദിക അഗർവാൾ എന്നിവർ വ്യക്തിഗത സ്വർണവും സ്വന്തമാക്കി. ഒടുവിലായി ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കൊനേരു ഹംപിയുടെ കിരീടധാരണവും.
6. യൂറോ കപ്പിലെ സ്പാനിഷ് മുത്തം
ഒരു വ്യാഴവട്ടത്തിന് ശേഷം സ്പാനിഷ് പട യൂറോ കപ്പ് ജേതാക്കളായി . നാലാം കിരീടവുമായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമായി സ്പെയ്ൻ മാറുകയും ചെയ്തു.കലാശക്കളിയിൽ ഇംഗ്ളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇത്തവണ സ്പെയ്ൻകപ്പുയർത്തിയത്. സ്പാനിഷ് മിഡ്ഫീൽഡർ റൊഡ്രി ടൂർണമെന്റിലെ മികച്ച താരമായപ്പോൾ സ്പാനിഷ് കൗമാരതാരം ലാമിൻ യമാൽ വരവറിയിച്ച ടൂർണമെന്റായി ഇത് മാറി.
7.അർജന്റീനയുടെ കോപ്പ
അമേരിക്ക ആതിഥ്യം വഹിച്ച 48-ാമത് കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി അർജന്റീന ടൂർണമെന്റിന്റെ ചരിത്രത്തിലെ തങ്ങളുടെ 16-ാം കിരീടം നേടി. എക്സ്ട്രാ ടൈം വരെ നീണ്ട ഫൈനൽ പോരാട്ടത്തിന്റെ 112-ാം മിനിട്ടിൽ ലൗതാരൊ മാർട്ടിനസ് നേടിയ തകർപ്പൻ ഗോളിന്റെ മികവിലാണ് തുടർച്ചയായ രണ്ടാം വട്ടവും മെസിയും കൂട്ടരും കോപ്പ നിറച്ചത്.
8. ഹോക്കിയിലെ ഇന്ത്യൻ തിളക്കം
ഹോക്കിയിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യ വെങ്കലമെഡൽ നേടിയ വർഷത്തിൽ പുരുഷ - വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫികളിലും മുത്തമിടാൻ ഇന്ത്യയ്ക്ക് സാധിച്ച വർഷമാണിത്.
9. വനിതാ ട്വന്റി-20 ലോകകപ്പിൽ കിവീസ്
ദുബായ്‌യിൽ നടന്ന വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ജേതാക്കളായി കിവീസ് വനിതകൾ ചരിത്രം കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിൽ 32 റൺസിന് ജയിച്ചാണ് കിവീ വനിതകൾ തങ്ങളുടെ ആദ്യ വനിതാ ലോകകപ്പ് നേടിയത്.
10. കളമൊഴിയലുകളുടെ കാലം
കായിക രംഗത്തുനിന്ന് നിരവധി മുൻനിര താരങ്ങളുടെ വിരമിക്കലിനും 2024 സാക്ഷിയായി. ഹോക്കിയിൽ പി.ആർ ശ്രീജേഷും റാണി രാംപാലും ഫുട്ബാളിൽ സാക്ഷാൽ സുനിൽ ഛെത്രിയും ക്രിക്കറ്റിൽ ശിഖാർ ധവാനും ആർ.അശ്വിനും ജിംനാസ്റ്റിക്സിൽ ദിപ കർമാകറും ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ കളിക്കളങ്ങളോട് വിടപറഞ്ഞപ്പോൾ ലോക ടെന്നിസിൽ റാഫേൽ നദാലിന്റെ വിരമിക്കലാണ് വലിയ ചർച്ചയായത്. ഏൻജൽ ഡി മരിയ, ആന്ദ്രേ ഇനിയെസ്റ്റ,അന്റോയ്ൻ ഗ്രീസ്മാൻ, റാഫേൽ വരാനെ,ടോണി ക്രൂസ്,തോമസ് മുള്ളർ, ഷെർദാൻ ഷാക്കീരി, ഒളിവർ ജിറൂദ് തുടങ്ങിയവർ കുപ്പായമഴിച്ചു.
ട്വന്റി-20 ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറികളുമായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചതും ഈ വർഷമാണ്.