
ബാങ്കോക്ക്: പന്തയംവച്ച് ഒരുകുപ്പി വിസ്കി ഒറ്റയടിക്ക് കുടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കുഴഞ്ഞുവീണുമരിച്ചു. ബാങ്ക് ലെസ്റ്റർ എന്നറിയപ്പെടുന്ന തങ്കം കാന്തി എന്ന തായ്‌ലൻഡ് സ്വദേശിയാണ് മരിച്ചത്. 350 എം എൽ മദ്യമാണ് ഇരുപത്തൊന്നുകാരനായ ഇയാൾ ഒറ്റയടിക്ക് കുടിച്ചുതീർത്തത്. പന്തയംവച്ച് സാനിറ്റൈസർ ഉൾപ്പെടെ കുടിക്കുന്നത് ഇയാളുടെ പതിവായിരുന്നത്രേ.
ജന്മദിന പാർട്ടിയ്ക്കിടെയായിരുന്നു പന്തയംവച്ച് മദ്യം കുടിച്ചത്. അറുപതിനായിരം രൂപയായിരുന്നു പന്തയത്തുക. സ്ഥലത്തുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതോടെ യുവാവ് വെല്ലുവിളി ഏറ്റെടുക്കുകയും മദ്യം കുടിക്കുകയും ചെയ്തു. ആദ്യംകുഴപ്പമൊന്നുമുണ്ടായിരുന്നുവെങ്കിലും അല്പംകഴിഞ്ഞതോടെ ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മദ്യംകുടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. മരണത്തിന് കാരണക്കാരെന്ന് കണ്ടെത്തി പന്തയംവച്ചവർക്കെതിരെ കേസെടുക്കുകയും ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇവർക്ക് ജാമ്യവും നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് തായ്‌ലൻഡിൽ പത്തുവർഷം തടവോ തടവും പിഴയും കൂടിയോ ശിക്ഷ ലഭിച്ചേക്കാം.
രാജ്യത്തെ മറ്റൊരാളും ഇത്തരത്തിൽ മരിക്കരുതെന്നും അതിന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തങ്കം കാന്തിയുടെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. 'നിങ്ങളെ മദ്യപിക്കാൻ പ്രേരിപ്പിച്ചവർ എന്നും കുറ്റക്കാരായിരിക്കണം' എന്നാണ് ഒരാൾ അനുശോചന സന്ദേശത്തിൽ കുറിച്ചത്. 'ബാങ്ക്, പരലോകത്ത് നീ സമാധാനത്തോടെ ജീവിക്കൂ. നിനക്ക് നീതികിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ ചിരിപ്പിച്ചതിനും സന്തോഷിപ്പിച്ചതിനും നന്ദി' എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.