
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അതിനാൽത്തന്നെ സോഷ്യൽമീഡിയയിൽ കുടുംബവുമായി ബന്ധപ്പെട്ട പലതരത്തിലുളള വാർത്തകളും എത്താറുണ്ട്. ഇപ്പോഴിതാ മല്ലിക സുകുമാരൻ തന്റെ മകനായ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. ചെറുമകൾ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായിട്ടാണ് മല്ലിക സുകുമാരൻ സംസാരിച്ചിരിക്കുന്നത്. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'പ്രാർത്ഥന എന്തുകൊണ്ടാണ് കീറിയ പാന്റുകൾ ഇടുന്നത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാൻ എന്തിനാണ് എതിർക്കാൻ പോകുന്നത്. മരുമകൾ പൂർണിമയുടെ പ്രധാന ജോലി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുകയെന്നതാണ്. അവൾ പല വസ്ത്രങ്ങളും ഡിസൈൻ ചെയ്ത് അവ ധരിച്ച് ചിത്രങ്ങൾ പലർക്കും അയച്ചുകൊടുക്കുകയും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പതിവുണ്ട്. അതൊന്നും നിങ്ങൾക്ക് കാണാൻ വേണ്ടിയല്ല.
വിദേശരാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. അമേരിക്കയിലും ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും ചെയ്യുന്നുണ്ട്. പ്രാർത്ഥന കുട്ടിയല്ലേ, ലണ്ടനിൽ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കൈയ്യില്ലാത്ത ഉടുപ്പോ ഇട്ടെന്നു വന്നേക്കാം. ലണ്ടനിൽ ഇങ്ങനെയൊക്കെ ചോദിക്കാൻ ആരുമില്ല. പാശ്ചാത്യ രാജ്യങ്ങളിലെ വേഷവിധാനങ്ങളൊക്കെ എല്ലാവർക്കും അറിയാമല്ലോ. അപ്പോൾ അവിടെ നിന്ന് വസ്ത്രങ്ങൾ വാങ്ങും.
നാട്ടിൽ വരുമ്പോൾ ഇവിടത്തെ രീതിയിലുളള വസ്ത്രങ്ങളും പ്രാർത്ഥന ധരിച്ചിട്ടുണ്ടല്ലോ? അമ്പലത്തിൽ അവൾ സാരിയുടുത്ത് വന്നിട്ടുണ്ടല്ലോ? അതൊന്നും ആരും കണ്ടില്ലേ. എല്ലാം അവരുടെ ഇഷ്ടമല്ലേ. വിമർശകരെ ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. നിന്റെ പ്രായമൊന്നും അവർക്ക് പ്രശ്നമല്ലെന്ന് ഞാൻ പ്രാർത്ഥനയോട് പറയാറുണ്ട്. ഞാനൊരു ലൂസ് പൈജാമയിട്ടാലും പലരും വിമർശിക്കും. അതൊക്കെ സാധാരണമാണ്. ഞാൻ വിദേശത്ത് പഠിച്ചിട്ടില്ല.
പ്രാർത്ഥനയുടെ കാര്യം നോക്കാൻ വേറെ ആളുകളുണ്ട്. പൊതുവേദികളിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് കുട്ടികൾ ശ്രദ്ധിക്കാറുണ്ട്. ഞാൻ തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്‌കൂളിലാണ് പഠിച്ചത്. അന്ന് യൂണിഫോം ഹാഫ് സാരിയായിരുന്നു. അത് ഇപ്പോൾ ഇല്ല. അത് എവിടെ പോയെന്ന് ആരും അന്വേഷിക്കാത്തത് എന്താണ്. തമിഴ്നാട്ടിൽ ഇപ്പോഴും ഉണ്ട്. ഓരോ കാലത്തിനനുസരിച്ച് ഫാഷൻ മാറും. അതിനോട് ആകർഷണം എല്ലാവർക്കും തോന്നും. 17 വയസായ ഒരു കുട്ടിക്കും 47 വയസായ സ്ത്രീക്കും തോന്നാം. ആദ്യം 47 വയസുളളവരെ വിമർശിക്കൂ'- മല്ലിക സുകുമാരൻ പറഞ്ഞു.