
കൊച്ചി: ധീരുഭായ് അംബാനിയുടെ 92ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്ക് വലിയ നേട്ടവുമായി റിലയൻസ്. അംബാനി റിലയൻസ് ഫൗണ്ടേഷന്റെ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ് കേരളത്തിലെ 229 വിദ്യാർത്ഥികൾക്ക് ലഭിച്ചു. രാജ്യവ്യാപകമായി പത്ത് ലക്ഷം അപേക്ഷകളിൽ നിന്ന് 5000 വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്.
ഉന്നത വിദ്യാഭ്യാസത്തിനായുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളർഷിപ്പ് പദ്ധതിയാണിത്. ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അഭിരുചി പരീക്ഷയിലെ പ്രകടനവും 12ാം ക്ലാസിലെ മാർക്കും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളായിരുന്നു. തിരഞ്ഞെടുത്ത 70 ശതമാനം വിദ്യാർത്ഥികളുടെയും വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണ്.
ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിനായി സംഭാവന നൽകുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാനാണ് ബിരുദ സ്‌കോളർഷിപ്പുകൾ നൽകുന്നതെന്ന് റിലയൻസ് ഫൗണ്ടേഷൻ വ്യക്തമാക്കി. അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്നാണ് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്.