-dileep-shankar

തിരുവനന്തപുരം: സിനിമ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ പാളയം വാൻറോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടൽ അരോമയിലാണ് നടനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. 19-ാം തീയതിയാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. നടൻ മുറിവിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.

മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം. മുറിക്കുള്ളിൽ ഫോറൻസിക് സംഘം പരിശോധന നടത്തുമെന്നും കന്റോൺമെന്റ് എസിപി അറിയിച്ചു. എന്താണ് മരണകാരണമെന്നത് പോസ്റ്റ്‌മോർട്ടത്തിലെ വ്യക്തമാകൂ. ചാപ്പാ കുരിശ്, നോർത്ത് 24 കാതം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം നിരവധി സീരിയലിലും അഭിനയിച്ചിട്ടുണ്ട്.