dosa

ദോശ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. പലതരത്തിലുള്ള ദോശകൾ ലഭ്യമാണ്. മസാലദോശ, തക്കാളി ദോശ, നെയ് ദോശ തുടങ്ങി വ്യത്യസ്തതരം രുചിയിലുള്ള ദോശകൾ വീട്ടിൽ ഉണ്ടാകാറുണ്ട്. ഏത് തരം ദോശയാണെങ്കിലും അത് ക്രിസ്പിയായി ഇരിക്കുമ്പോഴാണ് രുചി കൂടുന്നത്. എന്നാൽ പലപ്പോഴും നാം വിചാരിക്കുന്നത് പോലെ ദോശ ഉണ്ടാക്കാൻ കഴിയണമെന്നില്ല. ചിലപ്പോൾ ദോശ ചുടുമ്പോൾ അത് കരിഞ്ഞ് പോകുന്നു. എന്നാൽ ചില സമയത്ത് നല്ല മൊരിഞ്ഞതും സോഫ്റ്റുമായ ദോശ ഉണ്ടാക്കാനും കഴിയുന്നു. ദോശ തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല കിടിലൻ ക്രിസ്പി ദോശ ഉണ്ടാകാൻ കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?.

ദോശമാവ് കൃത്യമായി അരച്ചാൽ നല്ല ദോശ ഉണ്ടാക്കാൻ പറ്റും. ശരിയായി പുളിച്ച് പൊന്തിവന്ന മാവ് ഉപയോഗിച്ച് തയ്യാറാക്കിയാൽ നല്ല ദോശ ലഭിക്കും. അരിയും ഉഴുന്നും കൃത്യമായ അളവ് ചേർത്ത് വേണം മാവ് അരയ്ക്കാൻ. ദോശ സോഫ്റ്റ് ആകാൻ അരയ്ക്കുമ്പോൾ ചോറ് അല്ലെങ്കിൽ അവിൽ ചേർക്കുന്നത് നല്ലതാണ്. എന്നാൽ ചോറ് അമിതമായാൽ ദോശ ക്രിസ്പിയായിരിക്കില്ല.

ദോശ ചുടുമ്പോൾ ദോശക്കല്ലിന് ചൂട് ഉണ്ടായിരിക്കണം. പലരും ദോശമാവ്ഒ ഴിക്കുന്നതിന് മുൻപ് കല്ലിൽ എണ്ണ തടവുന്നു. എന്നാൽ ശരിക്കും ദോശമാവ് കല്ലിൽ ഒഴിച്ച് പരത്തിയ ശേഷം അതിന് മുകളിൽ വേണം എണ്ണ തടവാൻ. ഇത് ദോശയെ ക്രിസ്പി ആക്കുന്നു. ഒരു ദോശ ചുട്ട് കഴിഞ്ഞാൽ ദോശക്കല്ലിൽ കുറച്ച് വെള്ളം തളിയ്ക്കുക. ഇത് ചൂട് അധികമാകാതെ ഇരിക്കാൻ സഹായിക്കും.