
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ തിയേറ്ററിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുമ്പോൾ ചിത്രത്തിൽ നിറഞ്ഞു നിന്ന വിക്ടർ എന്ന കഥാപാത്രവും ശ്രദ്ധ നേടുന്നു. മാർക്കോയുടെ സഹോദരൻ അന്ധനായ വിക്ടറിനെ അവതരിപ്പിച്ചത് ഇഷാൻ ഷൗക്കത്താണ്. കാഴ്ച പരിമിതിയുള്ള കഥാപാത്രത്തെ പരിചയ സമ്പന്നനായ നടനെപോലെ ഇഷാൻ ഗംഭീരമാക്കി. ഒരു അരങ്ങേറ്റക്കാരന്റെ പരാധീനകളില്ലാത്ത പ്രകടനം നടത്തിയ ഇഷാൻ മലയാള സിനിമയിലും പുത്തൻ പ്രതീക്ഷകളുമായി മുന്നേറുകയാണ്.
ഉണ്ണിമുകുന്ദനുമായുള്ള ഇഷാന്റെ രംഗങ്ങൾ, പ്രത്യേകിച്ച് അവർക്കിടയിലെ വൈകാരിക രംഗങ്ങൾ ചർച്ച ചെയ്യപ്പെടുന്ന നിമിഷങ്ങളായി. 
ഇഷാനെ വ്യത്യസ്തനാക്കുന്നത് കഥാപാത്രത്തിന്റെ ആന്തരികലോകത്തിന്റെ പ്രത്യേകതയാണ്. വിക്ടർ സ്വന്തം അന്ധതയുടെ സങ്കീർണതകളെ അവിശ്വസനീയമായ സംവേദനക്ഷമയോടെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ റിയലിസത്തിന്റെ മറ്റൊരു തലം ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നു.വിക്ടർ കഥയുടെ വൈകാരികതലങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും കുടുംബത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളും എടുത്തുപറയേണ്ടതാണ്.
ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും അക്രമാസക്തമായ സിനിമ എന്ന നിലയിൽ മാർക്കോ വിലയിരുത്തപ്പെട്ടു കഴിഞ്ഞു. അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയപഠനം പൂർത്തിയാക്കിയ ഇഷാൻ 2022 ക്യാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത നടനുള്ള പുരസ്ക്കാരം തുടങ്ങി മറ്റു ഒട്ടേറെ അംഗീകാരങ്ങളും വാരി കൂട്ടിയിട്ടുണ്ട്.