market

ഓഹരി, സ്വർണ നിക്ഷേപകർക്ക് ലഭിച്ചത് വൻനേട്ടം

കൊച്ചി: ഓഹരി, കടപ്പത്ര, സ്വർണ, റിയൽറ്റി നിക്ഷേപകർക്ക് മികച്ച നേട്ടമൊരുക്കിയാണ് 2024 വിടപറയുന്നത്. ആഗോള, ആഭ്യന്തര സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ മറികടന്നാണ് വിവിധ മേഖലകൾ നിക്ഷേപകർക്ക് മോശമല്ലാത്ത വരുമാനം നൽകിയത്. തുടർച്ചയായ രണ്ടാം വർഷവും നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന വരുമാനം നൽകിയത് ഓഹരി വിപണിയാണ്. മികച്ച പ്രകടനവുമായി സ്വർണം തൊട്ടുപിന്നിലുണ്ട്. കടപ്പത്രങ്ങളും നിക്ഷേപകർക്ക് ബാങ്ക് പലിശയേക്കാൾ ഉയർന്ന വരുമാനം നൽകി. കഴിഞ്ഞ വർഷങ്ങളിൽ കനത്ത നഷ്‌ടം സമ്മാനിച്ച റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ഇത്തവണ നിക്ഷേപകർക്ക് നേരിയ നേട്ടമാണുണ്ടായത്.

വിദേശ നിക്ഷേപകരുടെ ആവേശവും നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരമേറ്റതും കമ്പനികളുടെ പ്രവർത്തന ലാഭത്തിലുണ്ടായ കുതിപ്പുമാണ് നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. എന്നാൽ സെപ്‌തംബറിന് ശേഷം ഈ മുന്നേറ്റം തുടരാനായില്ല. ലോകമെമ്പാടും നാണയപ്പെരുപ്പം കടുത്ത ഭീഷണി സൃഷ്‌ടിച്ചതും ഫെഡറൽ റിസർവിന്റെ പലിശ നിലപാടുമാണ് വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചത്.

ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിലെ ലാഭം

നടപ്പുവർഷം ജനുവരിയിൽ ഒരു ലക്ഷം രൂപ നിഫ്‌റ്റി 500 സൂചികയിൽ മുടക്കിയ നിക്ഷേപകന് വർഷാന്ത്യത്തിൽ ലഭിക്കുന്നത് 1,21,300 രൂപയാകും. അതേസമയം ഒരു ലക്ഷം രൂപയുടെ സ്വർണമാണ് വാങ്ങുന്നതെങ്കിൽ ഇപ്പോൾ അതിന്റെ മൂല്യം 1,20,700 രൂപയാണ്. ക്രിസിൽ കോമ്പോസിറ്റ് ബാേണ്ട് ഇൻഡെക്‌സിൽ ഈ തുക വർഷത്തിന്റെ തുടക്കത്തിൽ മുടക്കിയ ഉപഭോക്താവിന്റെ നിക്ഷേപ മൂല്യം 1,08,800 രൂപയിലെത്തും. അതേസമയം റിയൽ എസ്‌റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിൽ നിന്ന് കേവലം രണ്ട് ശതമാനം നേട്ടം മാത്രമേ ഉപഭോക്താവിന് ലഭിച്ചുള്ളൂവെന്ന് റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നു.

മേഖല നേട്ടം

ഓഹരികൾ 21.3 ശതമാനം

സ്വർണം 20.7 ശതമാനം

കടപ്പത്രങ്ങൾ 8.8 ശതമാനം

റിയൽറ്റി 2.2 ശതമാനം