d

ചെന്നൈ: ക്യാമ്പസിൽ വിദ്യാർത്ഥിനി മാനഭംഗത്തിനിരയായ സംഭവത്തിനുപിന്നാലെ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഗവർണർ ആർ.എൻ രവി. അടിയന്തര നടപടികൾ സ്വീകരിക്കും. സർവകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഭയപ്പെടേണ്ടതില്ലെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ കൂടിയായ ഗവർണർ സർവകലാശാല സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവകാലാശാല വൈസ് രജിസ്ട്രാർ ഉൾപ്പെടെയുള്ളവരുമായി ഗവർണർ കൂടിക്കാഴ്‌ച നടത്തി. ക്യാമ്പസിലും ഹോസ്റ്റലിലും വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർ അറിയിച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായും സംവദിച്ചു.

വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മൂന്ന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക. ബി. സ്‌നേഹപ്രിയ, എസ്. ബ്രിന്ദ, അയമൻ ജമാൽ എന്നിവരാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ. കേസിലെ എഫ്.ഐ.ആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഡിസംബർ 23ന് രാത്രി എട്ടോടെയാണ് അണ്ണാ സർവകലാശാല വളപ്പിലെ ലബോറട്ടറി കെട്ടിടത്തിന് സമീപം വിദ്യാർത്ഥിനി മാനഭംഗത്തിനിരയായത്.

സുഹൃത്തിനെ മർദ്ദിച്ച് ഓടിച്ച ശേഷം പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സമീപത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു.