
സോൾ: ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്ന് 92 സ്ത്രീകളടക്കം
179 പേർക്ക് ദാരുണാന്ത്യം. 10 വയസിൽ താഴെയുള്ള അഞ്ചു കുട്ടികളും ദുരന്തത്തിന് ഇരയായി.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വാൽഭാഗത്തുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനും മാത്രമാണ് രക്ഷപ്പെട്ടത്.വിമാന ജീവനക്കാരായ ഇവർക്കും ഗുരുതര പരിക്കുണ്ട്.
ലാൻഡിംഗ് ഗിയർ പുറത്തേക്ക് വരാതിരുന്നതാണ് കാരണം. തായ് ലൻഡിൽ നിന്നു വന്ന ബോയിംഗ് വിമാനം ഇറങ്ങിയത് അടിവശം റൺവേയിൽ ഇടിച്ചുകൊണ്ടാണ്. തീപാറിച്ച് റൺവേയിലൂടെ പാഞ്ഞ വിമാനം മതിലിലേക്ക് ഇടിച്ചുകയറി അഗ്നിഗോളമായി.
ദക്ഷിണ കൊറിയയിലെ ജെജു എയറിന്റേതാണ് 15 വർഷം പഴക്കമുള്ള വിമാനം.
പ്രാദേശിക സമയം ഇന്നലെ രാവിലെ 9.03ന് (ഇന്ത്യൻ സമയം പുലർച്ചെ 5.33ന്) ആയിരുന്നു ദുരന്തം.
പുലർച്ചെ 12.58ന് തായ്‌ലൻഡിലെ ബാങ്കോക്കിന് സമീപം സുവർണഭൂമി എയർപോർട്ടിൽ നിന്ന് പുറപ്പെ
ട്ട വിമാനത്തിലെ രണ്ടു പേർ തായ് പൗരന്മാരും മറ്റുള്ളവർ ദക്ഷിണ കൊറിയക്കാരുമായിരുന്നു. 93 പേർ സ്ത്രീകളാണ്. 10 വയസിൽ താഴെയുള്ള അഞ്ചു കുട്ടികളുണ്ടായിരുന്നു. 65 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
അപായം പക്ഷി ഇടിച്ച് !
1. വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ചെന്ന് യാത്രക്കാരിൽ ഒരാൾ ബന്ധുവിന് സന്ദേശം അയച്ചിരുന്നു. എൻജിനിൽ ഇടിച്ചാൽ ലാൻഡിംഗ് ഗിയറിനുള്ള ഹൈഡ്രോളിക് സിസ്റ്റം തകരാറിലാകാം.
2. പൈലറ്റ് ബെല്ലി ലാൻഡിംഗിന് ( ഗിയറില്ലാതെ വിമാനത്തിന്റെ അടിഭാഗത്തെ ആശ്രയിച്ചുള്ള എമർജൻസി ലാൻഡിംഗ്) ശ്രമിച്ചെങ്കിലും വിമാനം റൺവേ കടന്ന് പാഞ്ഞു.ഇതിനു കാരണം പ്രതികൂല കാലാവസ്ഥയെന്ന് നിഗമനം.
3.അപകടത്തിന് 6 മിനിട്ട് മുമ്പ് പക്ഷി ഇടിക്കാൻ സാദ്ധ്യതയുണ്ടെന്ന് എയർപോർട്ട് ട്രാഫിക് കൺട്രോൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു മിനിട്ടിനുശേഷം പൈലറ്റ് അപായ സിഗ്നലും നൽകി.