
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പത്ത് വയസുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
40 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന കിടന്ന കുട്ടിയെ16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. അബോധവസ്ഥയിൽ ആയിരുന്ന കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഗുണ ജില്ലയിലെ പിപ്ലിയ ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കളിക്കുന്നതിനിടെ സുമിത് മീണ കുഴൽക്കിണറിൽ വീഴുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ദേശീയ ദുരന്ത നിവാരണ സേനയടക്കം ഉടനെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുഴൽക്കിണറിന് സമാന്തരമായി 25 അടിയോളം താഴ്ചയിൽ മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഓക്സിജൻ സപ്പോർട്ട് നൽകിയാണ് ജീവൻ നിലനിറുത്തിയത്. ജെ.സി.ബിയടക്കമുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിരുന്നു. ഗുണ കലക്ടർ സത്യേന്ദ്ര സിംഗ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി. പൊലീസ് കേസെടുത്തു.
ചേതന വീണിട്ട് ഏഴ് ദിവസം പിന്നിട്ടു
അതിനിടെ രാജസ്ഥാനിലെ കോട്പുത്ത്ലിയിൽ മൂന്ന് വയസുകാരി ചേതന കുഴൽക്കിണറിൽ വീണിട്ട് ഏഴ് ദിവസം പിന്നിട്ടു.
കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. അധികൃതരുടെ അനാസ്ഥയാണ് രക്ഷാദൗത്യം പരാജയപ്പെടാൻ കാരണമെന്ന്
കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ സാധിക്കുന്നില്ല. ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ കുട്ടിയുടെ സ്ഥിതിയെന്താണെന്നത് സംബന്ധിച്ച് വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ 23നാണ് അച്ഛന്റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ചേതന 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. 150 അടി താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുകയാണ്.
ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പത്ത് അടിയുള്ള ഇരുമ്പ് ദണ്ഡിൽ കൊളുത്ത് വച്ച് കെട്ടി കുട്ടിയുടെ വസ്ത്രത്തിൽ കുരുക്കിട്ട് മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് സമാന്തരമായി കുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനായി നിരവധി യന്ത്രങ്ങളും എത്തിച്ചു.
പ്രദേശത്തെ കനത്ത മഴയും നനവുള്ള മണ്ണും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.