
ന്യൂയോർക്ക്: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടി ഇന്ത്യൻ താരം കൊനേരു ഹംപി. അമേരിക്കയിൽ നടന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ളിറ്റ്സ് ചാമ്പ്യൻഷിപ്പിന്റെ റാപ്പിഡ് വിഭാഗം അവസാന റൗണ്ട് പോരാട്ടത്തിൽ ഇന്തോനേഷ്യൻ താരം ഐറിൻ കരിഷ്മ സുകന്ദറിനെ തോൽപ്പിച്ചാണ് 37കാരിയായ ഹംപി തന്റെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. ഈ വർഷം ക്ളാസിക് ഫോർമാറ്റിലെ ലോക ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹംപിയുടെയും കിരീടനേട്ടം.
ഈ വർഷം ഞാനത്ര മികച്ച ഫോമിലല്ലായിരുന്നതിനാൽ ഈ കിരീടം ഒട്ടും പ്രതീക്ഷിച്ചില്ല. ലോക ചാമ്പ്യനായെന്നറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്
- കൊനേരു ഹംപി