
വൈവിദ്ധ്യവൽക്കരണത്തിന് ഉൗന്നൽ വേണമെന്ന് വിദഗ്ദ്ധർ
കൊച്ചി: ആഗോള, ആഭ്യന്തര മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതിനാൽ ചെറുകിട നിക്ഷേപകർ പുതുവർഷത്തിൽ കരുതലോടെ നീങ്ങുന്നതാണ് സുരക്ഷിതം. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ചയും കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവും സാമ്പത്തിക മേഖലയിലെ തളർച്ചയും പുതുവർഷത്തിൽ ഓഹരി വിപണിക്ക് കനത്ത വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് വിലയിരുത്തുന്നു. കാലാവസ്ഥ വൃതിയാനം മൂലം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും പ്രതികൂലമാകാൻ ഇടയുണ്ട്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളും ഓഹരി വിപണിയുടെ ചലനങ്ങളെ ബാധിച്ചേക്കും.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ 5.4 ശതമാനമായി ഇടിഞ്ഞതും വ്യാപാര കമ്മിയിലെ വലിയ വർദ്ധനയും വിപണിയുടെ പ്രകടനത്തിന് അടുത്ത വർഷം പ്രതികൂലമായേക്കും. ഡിസംബർ രണ്ടാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുത്തനെ ഇടിയുന്നതും പ്രതിസന്ധി രൂക്ഷമാക്കും.
സ്വർണത്തിന് അനുകൂലം
ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളെല്ലാം സ്വർണത്തിന് അനുകൂലമാണെന്ന് അനലിസ്‌റ്റുകൾ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പുതുവർഷത്തിൽ പ്രിയമേറിയേക്കും. അതിനാൽ നിക്ഷേപം പൂർണമായും ഒരു മേഖലയിൽ മാത്രം മുടക്കുന്നതിന് പകരം വൈവിദ്ധ്യവൽക്കരണത്തിന് പ്രാമുഖ്യം നൽകണമെന്ന് കൊച്ചിയിലെ പ്രമുഖ സ്ഥാപനത്തിലെ മുൻനിര നിക്ഷേപ സ്ട്രാറ്റജിസ്‌റ്റ് പറയുന്നു.
1. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ കുത്തനെ ഉയർത്തുമെന്ന് ഭീഷണി മുഴക്കുന്നതാണ് ലോകമെമ്പാടുമുള്ള വിപണികളെ മുൾമുനയിലാക്കുന്നത്
2. ലോകമെമ്പാടും ഭക്ഷ്യ, കമ്പോള ഉത്പന്നങ്ങളുടെ വിലക്കയറ്റം ഉപഭോക്താക്കളുടെ വാങ്ങൽശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഉയർന്ന നാണയപ്പെരുപ്പം പലിശ കുറയ്ക്കുന്നതിന് കേന്ദ്ര ബാങ്കുകൾക്ക് വെല്ലുവിളിയാകുന്നു
3. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂട്ടിയേക്കും. ഇതോടൊപ്പം കമ്പനികളുടെ പ്രവർത്തന ചെലവ് കൂടാനും ഇടയുണ്ട്
4. നാണയപ്പെരുപ്പ ഭീഷണി ഒഴിയാത്തതിനാൽ അടുത്ത വർഷം ഏപ്രിലിന് മുൻപ് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താൻ സാദ്ധ്യത കുറയുന്നതും ഭീഷണിയാണ്