cricket

മെൽബണിൽ ഇന്ത്യ - ഓസ്ട്രേലിയ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

അവസാന ദിവസം ഓസ്ട്രേലിയ 333 റൺസ് ലീഡിൽ, ഒരു വിക്കറ്റ് ബാക്കി

രണ്ടാം ഇന്നിംഗ്സിൽ ആൾഔട്ടാകാതെ സമനിലയെങ്കിലും പിടിക്കാൻ ഇന്ത്യ

മെൽബൺ : ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ വിധി എന്തുമാകാം, ഇനി ഈ ഒരു ദിവസത്തെ കളിയേയുള്ളൂ,ഇനി മെൽബണിൽ.

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസ് എടുത്തതിന് ശേഷം ഇന്ത്യയെ 369 എന്ന സ്കോറിൽ ആൾഔട്ടാക്കിയാണ് നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്. കളി നിറുത്തുമ്പോൾ അവർ രണ്ടാം ഇന്നിംഗ്സിൽ 228/9 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിലെ ലീഡും ചേർത്ത് നോക്കുമ്പോൾ 333 റൺസ് മുന്നിൽ. അവസാന ദിവസമായ ഇന്ന് പരമാവധിവേഗത്തിൽ കുറച്ചുകൂടി റൺസ് എടുത്തശേഷം ഇന്ത്യയെ എറിഞ്ഞിടുകയാണ് കംഗാരുക്കളുടെ ലക്ഷ്യം.

നാലാം നാളിലെ കളി

ഇന്നലെ 358/9 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യ 11 റൺസ് കൂടി നേടുന്നതിനിടയിൽ ആൾഔട്ടായി. തലേന്ന് 105 റൺസുമായി നിന്ന നിതീഷ് കുമാർ റെഡ്ഡിയെ 114 റൺസിൽ വച്ച് സ്റ്റാർക്കിന്റെ കയ്യിലെത്തിച്ച് നഥാൻ ലിയോണാണ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടത്.

തുടർന്ന് 105 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിന്റെ ആറുവിക്കറ്റുകൾ 91 റൺസിനിടെ പിഴുതെറിഞ്ഞ് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. എന്നാൽ 70 റൺസുമായി പിടിച്ചുനിന്ന ലാബുഷേയ്നും 41 റൺസ് നേടിയ പാറ്റ് കമ്മിൻസും ചേർന്ന് 173/9 എന്ന നിലയിലെത്തിച്ചു. അവസാന വിക്കറ്റിൽ ഒരുമിച്ച നഥാൻ ലിയോണും(41*) സ്കോട്ട് ബോളാണ്ടും (10*) ചേർന്നാണ് ആൾഔട്ടാകാതെ ഓസീസ് സ്കോർ 228/9ലെത്തിച്ചത്.

നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ചേർന്നാണ് ഓസീസിനെ തകർത്തത്. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി. സാം കോൺസ്റ്റാസ് (8), ട്രാവിസ് ഹെഡ് (1),മിച്ചൽ മാർഷ് (0), അലക്സ് കാരേ (2) എന്നീ അപകടകാരികളെയാണ് ബുംറ പുറത്താക്കിയത്. ഖ്വാജ(21),ലാബുഷേയ്ൻ,സ്മിത്ത് (13) എന്നിവരെ സിറാജും മടക്കി അയച്ചു. ജഡേജയ്ക്കായിരുന്നു കമ്മിൻസിന്റെ വിക്കറ്റ്.

ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് സാദ്ധ്യതകളാണ് ...

ഒന്ന് : ഓസ്ട്രേലിയ നൽകുന്ന 300 ന് മുകളിലുള്ള ലക്ഷ്യം പരമാവധി വേഗതയിൽ അടിച്ചെടുക്കാൻ നോക്കുക.

രണ്ട് : ആൾഔട്ടാകെ അഞ്ചാം ദിവസം പിടിച്ചുനിന്ന് കളി സമനിലയിലെങ്കിലും എത്തിക്കുക.

ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ വിജയമാണ് ഇന്ത്യയ്ക്ക് അഭികാമ്യം. എന്നാൽ വലിയ സ്കോർ നേടാൻ മെൽബണിലെ പിച്ചിൽ ഓസീസ് ബൗളിംഗ് നിരയ്ക്കെതിരെ രണ്ടും കൽപ്പിച്ച് ആഞ്ഞടിക്കാൻ തുനിഞ്ഞാൽ ചിലപ്പോൾ സമനില പോലും നേടാനാകാതെ ആൾഔട്ടാകേണ്ടിവരും.

300ൽ പുറത്ത് റൺസ് ലീഡ് നേടിയിട്ടും ഇന്നലെ ഡിക്ളയർ ചെയ്യാതെ അവസാന വിക്കറ്റിൽ കടിച്ചുതൂങ്ങിക്കിടന്ന് ഓസീസ് ബാറ്റ് ചെയ്തത് ഇന്ത്യയെ ഇങ്ങനെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോ‌ടെയാണ്. ഒരു പക്ഷേ ഇന്ന് കളി തുടങ്ങുന്നതിന് മുമ്പ് ഓസീസ് ഡിക്ളയർ ചെയ്യാനുമിടയുണ്ട്.