
മെൽബൺ: ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. മെൽബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ നിതീഷിന്റെ കയ്യിലെത്തിച്ചാണ് ബുംറ 200 വിക്കറ്റ് തികച്ചത്.
തന്റെ 44-ാം മത്സരത്തിലാണ് ബുംറയുടെ നേട്ടം. ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസറാണ് ബുംറ. 20-ന് താഴെ (19.5) ശരാശരിയിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യത്തെ ബൗളറാണ് ബുംറ. വിൻഡീസ് ഇതിഹാസങ്ങളായ മാൽക്കം മാർഷൽ (20.9), ജോയൽ ഗാർനർ (21.0), കർട്‌ലി ആംബ്രോസ് (21.0) എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. പരമ്പരയിൽ ഇതിനകം 31 വിക്കറ്റുകൾ ബുംറ സ്വന്തമാക്കിക്കഴിഞ്ഞു.
ക്യാച്ചുകൾ കൈവിട്ട് യശസ്വി
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലെ അർദ്ധസെഞ്ച്വറിക്കാരൻ ലാബുഷേയ്നിന്റേത് ഉൾപ്പടെയുള്ള ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടത് തിരിച്ചടിയായി. യശസ്വിയാണ് ലാബുഷേയ്നെ കൈവിട്ടത്. ഇന്നലത്തെ ഒടുവിലെ ഓവറിൽ ബുംറയുടെ ബൗളിംഗിൽ ലിയോണിന്റെ ക്യാച്ച് കാൽമുട്ടുകൾക്കിടയിലൊതുക്കി കെ.എൽ രാഹുൽ പിടിച്ചെങ്കിലും നോബാൾ ആയതിനാൽ വിക്കറ്റ് ലഭിച്ചില്ല.