uma-thomas

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വീഴ്തയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. വളരെ വേഗത്തില്‍ സുഖപ്പെടുന്ന പരിക്കുകളല്ല എംഎല്‍എക്കെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ ശസ്ത്രക്രിയ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രതികരണം: എംഎല്‍എയെ കൊണ്ടുവന്നപ്പോള്‍ തന്നെ അബോധാവസ്ഥയിലായിരുന്നു. 15 അടിയോളം ഉയരത്തില്‍ നിന്നാണ് വീണിരിക്കുന്നത്. തലച്ചോറിനേറ്റ ക്ഷതത്തിന്റെ അളവ് പരിശോധിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ശേഷമാണ് സ്‌കാനിംഗ് ഉള്‍പ്പെടെ നടത്തിയത്. തലച്ചോറിലും നട്ടെല്ലിലും പരിക്കേറ്റതായി കാണുന്നുണ്ട്. നട്ടെല്ലിന് ചെറിയ പൊട്ടലുണ്ട്. ശ്വാസകോശത്തിലും പരിക്കുണ്ട്. വാരിയെല്ല് ഒടിയുകയും ഇത് കൊണ്ടതിനാല്‍ ശ്വാസകോശത്തിന് കേടുപറ്റുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ശ്വാസകോശത്തിനുള്ളില്‍ രക്തം കയറി. ശരീരം മുഴുവന്‍ എക്‌സ്‌റേ എടുത്തു. തലച്ചോറിലേയും ശ്വാസകോശത്തിലേയും പരിക്കാണ് കാര്യമായി പരിശോധിക്കേണ്ടത്. മുഖത്ത് ചെറിയ പൊട്ടലുകളുണ്ട്. അടിയന്തരമായി ഒരു ശസ്ത്രക്രിയയുടെ ആവശ്യമില്ല. തലയും വാരിയെല്ലും ഇടിച്ചാണ് വീണത്. ഇപ്പോള്‍ എംഎല്‍എ സ്‌റ്റേബിളാണെന്ന് പറയാന്‍ കഴിയില്ല, 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണ്. തിരക്ക് പിടിച്ച് ഒന്നും ചെയ്യാന്‍ പറ്റില്ല. വളരെ വേഗത്തില്‍ സുഖപ്പെടുന്ന പരിക്കുകളല്ല.


ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു എംഎല്‍എയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയത്. കോണ്‍ഗ്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പപരിപാടിക്കായി എത്തി മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചതും എംഎല്‍എക്ക് ഗുരുതരമായി പരിക്കേറ്റതും.