petrol

കൊച്ചി: വിപണിയിൽ ഉണർവ് സൃഷ്‌ടിക്കാൻ അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ധന, ഉപഭോക്തൃ ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി(സി.ഐ.ഐ) ആവശ്യപ്പെട്ടു. ഇന്ധനങ്ങളുടെ ഉയർന്ന നികുതി നാണയപ്പെരുപ്പം കൂടാൻ ഇടയാക്കുന്നുവെന്ന് സി.ഐ.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രതിവർഷം ഇരുപത് ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ ആദായ നികുതി ബാദ്ധ്യത കുറയ്ക്കുന്നതിലൂടെ ഉപഭോഗം മെച്ചപ്പെടുത്താമെന്നും അവർ പറയുന്നു. ഉയർന്ന നാണയപ്പെരുപ്പം ഉപഭോക്താക്കളുടെ വാങ്ങൽശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. പെട്രോൾ വിലയിൽ 21 ശതമാനവും ഡീസൽ വിലയിൽ 18 ശതമാനവും കേന്ദ്ര എക്‌സൈസ് നികുതിയാണ്. 2022 മേയ് മാസത്തിന് ശേഷം ആഗോള ക്രൂഡോയിൽ വിലയിൽ 40 ശതമാനം ഇടിവുണ്ടായെങ്കിലും ആഭ്യന്തര വിലയിൽ വലിയ മാറ്റമുണ്ടായിട്ടില്ല.

ആഭ്യന്തര ഉപഭോഗത്തിലെ ഉണർവ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് സി.ഐ.ഐ ഡയറക്‌ടർ ജനറൽ ചന്ദ്രജിത് ബാനർജി പറഞ്ഞു.