
 ദുരന്തം വിതച്ച പക്ഷി
സോൾ: ദക്ഷിണ കൊറിയൻ വിമാനം അപകടത്തിൽപ്പെടാൻ പോകുന്നതായി യാത്രക്കാർക്ക് ബോദ്ധ്യമുണ്ടായിരുന്നു. യാത്രക്കാരിൽ പലരും ഇതുസംബന്ധിച്ച സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചെന്നാണ് വിവരം. യാത്രികരിൽ ഒരാൾ ബന്ധുവിന് അയച്ച ഒരു സന്ദേശം തുടങ്ങുന്നത് ഇങ്ങനെ... 'അവസാനമായി ഞാൻ പറയട്ടെ... ?". വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ചെന്നും ലാൻഡ് ചെയ്യാനാകുന്നില്ലെന്നും ഈ സന്ദേശത്തിൽ പറയുന്നുണ്ട്. വിമാനത്തിന്റെ വലത്തേ ചിറകിൽ പക്ഷി ഇടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
ലാൻഡിംഗ് ഗിയർ തകരാറിലായതാണ് അപകടത്തിന്റെ പ്രധാന കാരണം. പക്ഷി ഇടിച്ചതും പ്രതികൂല കാലാവസ്ഥയുമാണ് ലാൻഡിംഗ് ഗിയർ തകരാറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്. അതേ സമയം, പക്ഷി ഇടിച്ചതു കൊണ്ട് മാത്രം ഇത്രയും വലിയ ദുരന്തം സംഭവിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്.
പക്ഷി എൻജിനിൽ ഇടിച്ചാൽ ലാൻഡിംഗ് ഗിയറിനെ ഉയർത്താനും താഴ്ത്താനും സഹായിക്കുന്ന ഹൈഡ്രോളിക് സിസ്റ്റത്തെ തകരാറിലാക്കും. രാജ്യത്ത് പക്ഷികളുടെ സാന്നിദ്ധ്യം കൂടിയ എയർപോർട്ടുകളിലൊന്നാണ് മുവാൻ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയെങ്കിലും ഒന്നിന് കേടുപാടുണ്ട്. അതിനാൽ, അപകടത്തിന്റെ കൃത്യമായ കാരണം നിർണയിക്കാൻ ഒരു മാസത്തോളം വേണ്ടി വന്നേക്കാമെന്നാണ് റിപ്പോർട്ട്.
 സംശയങ്ങൾ ബാക്കി
1. അപകട സമയം കാലാവസ്ഥ അനുകൂലം (കാറ്റോ മഴയോ ഇല്ല. ആകാശം മേഘാവൃതമല്ല). 9 കിലോമീറ്റർ വരെയുള്ള കാഴ്ച സാദ്ധ്യമായിരുന്നെന്ന് നിഗമനം
2. ഇരു എൻജിനുകളും ബ്രേക്കുകളും തകരാറിലായിരിക്കാം. പക്ഷി ഇടിച്ചതു കൊണ്ട് മാത്രം ഇവ ഒരേ സമയം പ്രവർത്തന രഹിതമാകില്ല
3. വിമാനത്തിന് മറ്റ് സാങ്കേതിക തകരാറോ, മുൻകാല പ്രശ്നങ്ങളോ ഉണ്ടോയിരുന്നോ എന്നും സംശയം
 ക്ഷമാപണവുമായി ജെജു എയർ
2005ൽ സ്ഥാപിതമായ ജെജു എയർ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് വിമാനം അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് ജീവൻ നഷ്ടമാകുന്നത്. 2007ൽ ജെജു വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങി അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാരെല്ലാം രക്ഷപ്പെട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ദ്വീപായ ജെജുവിന്റെ പേരിൽ അറിയപ്പെടുന്ന കമ്പനി രാജ്യത്തെ ഏറ്റവും വലിയ ലോ-കോസ്റ്റ് എയർലൈനാണ്.
ജെജു സിറ്റി ആസ്ഥാനമായി പ്രാദേശിക സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് കമ്പനി നിലവിൽ വന്നത്. ദുരന്തത്തിൽ ക്ഷമാപണം നടത്തിയ കമ്പനി സാദ്ധ്യമായ എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്തു. അന്വേഷണത്തോട് സഹകരിക്കുമെന്നും അറിയിച്ചു.
 27 വർഷത്തിനിടെ ആദ്യം
ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ 27 വർഷത്തിനിടെയുണ്ടായ വൻ വിമാനദുരന്തമാണ് ഇന്നലെ സംഭവിച്ചത്. 1997ൽ കൊറിയൻ എയർ വിമാനം ഗുവാമിൽ തകർന്ന് 229 പേർ കൊല്ലപ്പെട്ടിരുന്നു. 2002ൽ എയർ ചൈന വിമാനം ബൂസാന് സമീപം തകർന്നു വീണ് 129 പേർ മരിച്ചതിന് ശേഷം, ദക്ഷിണ കൊറിയൻ മണ്ണിൽ സംഭവിച്ച ഏറ്റവും വലിയ വിമാനാപകടമായിരുന്നു ഇന്നലത്തേത്.
 ദുരന്തത്തിൽ അവസാനിച്ച ടൂർ
ട്രാവൽ ഏജൻസി വഴി ബാങ്കോക്കിലേക്കുള്ള അഞ്ച് ദിവസത്തെ ക്രിസ്മസ് ടൂർ കഴിഞ്ഞ് മടങ്ങിയവരായിരുന്നു യാത്രികരിലേറെയും. അപകടത്തിന് പിന്നാലെ 1,500ലേറെ രക്ഷാപ്രവർത്തകർ രംഗത്തിറങ്ങി. 43 മിനിറ്റുകൊണ്ട് തീയണച്ചു. സൗത്ത് ജിയോല്ല പ്രവിശ്യയിലെ മുവാൻ കൗണ്ടിയിലാണ് ദുരന്തം സംഭവിച്ച മുവാൻ എയർപോർട്ട്. ഇവിടത്തെ എല്ലാ സർവീസുകളും റദ്ദാക്കി.
 ദുഃഖം രേഖപ്പെടുത്തി ഇന്ത്യ
ദാരുണമായ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും സോളിലെ ഇന്ത്യൻ അംബാസഡർ അമിത് കുമാർ അറിയിച്ചു. ദുഷ്‌കരമായ സമയത്ത് ഇന്ത്യൻ എംബസി കൊറിയിലെ ജനങ്ങളോടും സർക്കാരിനോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.