
ജംഷഡ്പുർ എഫ്.സിയോട് 1-0ത്തിന് തോറ്റു
ജംഷഡ്പുർ : കഴിഞ്ഞ കളിയിൽ ലീഗിലെ അവസാന സ്ഥാനക്കാരായ മൊഹമ്മദൻസിനെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലായിരുന്ന കേരള ബ്ളാസ്റ്റേഴ്സിന്റെ കാര്യം പിന്നെയും തഥൈവ. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോൽക്കുകയായിരുന്നു ബ്ളാസ്റ്റേഴ്സ്. പന്തടക്കത്തിലും പാസിംഗിലും അവസരങ്ങൾ ഒരുക്കുന്നതിലും ഷോട്ടുകൾ ഉതിർക്കുന്നതിലും മുന്നിൽ നിന്ന ബ്ളാസ്റ്റേഴ്സിന് ഫിനിഷിംഗിൽ പാളിയതോടെയാണ് തോൽവി സമ്മതിക്കേണ്ടിവന്നത്. 61-ാം മിനിട്ടിൽ പ്രതീക് ചൗധരി നേടിയ ഗോളിനായിരുന്നു ജംഷഡ്പുർ എഫ്.സിയുടെ ജയം.
ഈ സീസണിലെ 14 മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന്റെ എട്ടാം തോൽവിയാണിത്. നാലുമത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. രണ്ട് സമനിലകളും ഉൾപ്പടെ 14 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ഇന്നലത്തേത് ജംഷഡ്പൂരിന്റെ സീസണിലെ ഏഴാം വിജയമായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 21 പോയിന്റായ ജംഷഡ്പൂർ പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു.